പശ്ചിമേഷ്യ സമാധാനത്തിലേക്ക്; 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറും ഹോർമുസിലെ ഉപരോധവും ധാരണയായതായി റിപ്പോർട്ട്
തെഹ്‌റാൻ: മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് നിർണായക നീക്കവുമായി ഇറാനും അമേരിക്കയും. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരട് ധാരാണാപത്രത്തിൽ എത്തിച്ചേർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, കഴിഞ്ഞ 48 മണിക്കൂറിനുളളിൽ ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
താൽകാലിക ഉടമ്പടിയുടെ നിബന്ധനകൾ ലംഘിച്ചാൽ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്താനുള്ള പൂർണ്ണ അധികാരം അമേരിക്ക നിലനിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സഹായികളോടും പ്രാദേശിക നേതാക്കളോടും വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരട് സമാധാന കരാർ രൂപീകരണത്തിലേക്ക് കാര്യങ്ങൾ എത്തിയതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രഖ്യാപിച്ചു. ഭൂരിഭാഗം കാര്യങ്ങളും ചർച്ച ചെയ്ത് കഴിഞ്ഞതായും അന്തിമ തീരുമാനങ്ങൾക്ക് ശേഷം കരാറിന്റെ പൂർണ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറിന്റെ ഭാഗമായി അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി, യുഎഇ, ഖത്തർ, പാകിസ്താൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ സംയുക്ത ഫോൺ ചർച്ചയ്ക്കും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ പ്രത്യേക സംഭാഷണത്തിനും ശേഷമാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിഡിലീസ്റ്റ് നേതാക്കളുമായുള്ള ചർച്ച വളരെ പോസിറ്റീവ് ആയിരുന്നുവെന്നും മേഖലയുടെ നന്മയ്ക്കായി യുദ്ധം അവസാനിപ്പിക്കാൻ അവർ ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സമാധാന നിർദ്ദേശങ്ങൾ മുന്നോട്ട് പോയത്. ഈ കരാർ പൂർണ്ണമായും വിജയിച്ചാൽ പോലും ഇറാന്റെ ആണവായുധ നിർമ്മാണം പൂർണ്ണമായി തടയുക എന്ന ട്രംപിന്റെ പ്രധാന ലക്ഷ്യം ഉടനടി സാധ്യമാകില്ല.
എങ്കിലും, മിഡിൽ ഈസ്റ്റിൽ ഉണ്ടാകുമായിരുന്ന ഒരു വലിയ യുദ്ധം ഒഴിവാക്കാനും എണ്ണ വിതരണം തടസ്സപ്പെട്ടതുമൂലം ഉണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും ഇത് സഹായിക്കും. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ചർച്ചകളിൽ പുരോഗതിയുള്ളതായി സൂചിപ്പിച്ചു. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള 14 നിർദ്ദേശങ്ങൾ അടങ്ങിയ ഒരു താല്കാലിക ധാരണാപത്രമാണ് നിലവിൽ ഇരുഭാഗവും ചേർന്ന് തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി 30 മുതൽ 60 ദിവസത്തെ ഒരു താൽകാലിക വെടിനിർത്തലിനും തുടർചർച്ചകൾക്കും സാധ്യതയുണ്ട്. ഇറാൻ തങ്ങളുടെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന യുഎസ് നാവിക ഉപരോധം മാറ്റണമെന്നും വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിരിക്കുന്ന തങ്ങളുടെ പണം വിട്ടുനൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആണവ പ്രശ്‌നങ്ങൾ ഈ പ്രാഥമിക ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇറാനിലെ ചില മാധ്യമങ്ങൾ ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും ശരിയല്ലെന്ന രീതിയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.