‘അനുമതിയില്ലാതെ മൃഗബലി നടത്തിയാൽ ജയിലിലാകും; ഹിന്ദുക്കൾ വികാരങ്ങളെ മാനിക്കാറില്ലേ? ‘ഇത് ആരുടെയും അച്ഛന്റെ പാകിസ്ഥാനല്ല’; മഹാരാഷ്ട്രാ മന്ത്രി നിതേഷ് റാണെ
മുംബൈ: ഹൗസിംഗ് സൊസൈറ്റികൾക്കുള്ളിൽ മൃഗബലി നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. ഫ്ലാറ്റുകൾക്കുള്ളിൽ ബലികർമ്മങ്ങൾ നടത്തിയാൽ പിറ്റേ ദിവസം തന്നെ അവർ ജയിലിലായിരിക്കുമെന്നും, ഇത് ആരുടെയും അച്ഛന്റെ പാകിസ്ഥാനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഈദ് പ്രമാണിച്ചുള്ള മൃഗബലിയുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ ഈ വിവാദ പരാമർശം.
മുംബൈയിലെ ഘാട്‌കോപ്പർ വെസ്റ്റിലുള്ള സാഗർ പാർക്ക് ഹൗസിംഗ് സൊസൈറ്റിയിൽ മൃഗബലി നടത്തുന്നതിന് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) അനുമതി നിഷേധിച്ചിരുന്നു. വിലക്ക് വന്നതോടെ ഒരു വ്യക്തി സൊസൈറ്റിയിൽ നിന്നും ബലിമൃഗത്തെ (ആടിനെ) പുറത്തേക്ക് മാറ്റുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് നിതേഷ് റാണെയുടെ പരാമർശം.
“ഹിന്ദുക്കളായ ഞങ്ങൾ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നുണ്ട്. അതുകൊണ്ടാണ് വെള്ളം ഒഴിവാക്കി ഞങ്ങൾ ഹോളി ആഘോഷിക്കുന്നതും, ദീപാവലിക്ക് പടക്കം പൊട്ടിക്കാതിരിക്കുന്നതും. അങ്ങനെയുള്ളപ്പോൾ, ഇത് തങ്ങളുടെ അച്ഛന്റെ പാകിസ്ഥാനാണെന്നാണോ അവർ കരുതുന്നത്?” റാണെ ചോദിച്ചു. ഇതൊരു ഹിന്ദു രാഷ്ട്രമാണെന്നും എല്ലാവർക്കും ഒരേ നിയമമാണ് ഇവിടെ ബാധകമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഈ വിഷയത്തിൽ ബി.ജെ.പി നേതാവ് കിരിത് സോമയ്യയും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. സാഗർ പാർക്ക് ഹൗസിംഗ് സൊസൈറ്റി നേരിട്ട് സന്ദർശിച്ച അദ്ദേഹം, മതത്തിന്റെ പേരിലുള്ള ഇത്തരം ഗുണ്ടായിസങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്കെതിരെ മാത്രമല്ല, ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയെടുക്കുമെന്നും കിരിത് സോമയ്യ വ്യക്തമാക്കി.