ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ സുപ്രധാന നടപടി. കേസിലെ 17 പ്രതികളും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ്. പ്രതികൾ വിചാരണ നടപടികൾ വൈകിപ്പിക്കാനും കോടതി മാറ്റത്തിനും ശ്രമിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് കോടതി ഇപ്പോൾ ജാമ്യം റദ്ദാക്കിയിരിക്കുന്നത്. മുൻപ് ഇതേ കോടതി തന്നെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്.
2018 ഫെബ്രുവരി 12-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചായക്കടയിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന ശുഹൈബിനുനേരെ അക്രമികൾ മൂന്നുതവണ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തിൽ ശുഹൈബിന്റെ സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്‌മയിൽ, മൊയ്‌തീൻ എന്നിവർക്കും പരിക്കേറ്റിരുന്നു. കേസിന്റെ വിചാരണാ നടപടികൾ ഈ മാസം 18 മുതൽ ആരംഭിച്ചിരുന്നു. ആദ്യഘട്ടമായി, അക്രമത്തിൽ പരിക്കേറ്റവരും ശുഹൈബിൻ്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്‌താരം കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഇതിനുപിന്നാലെ, വിചാരണ നടപടികൾ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടത്തി. പ്രതിഭാഗത്തിന്റെ ഈ നടപടിയെ തുടർന്നാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും.
തില്ലങ്കേരി ലക്ഷ്‌മി നിലയത്തിൽ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ.അസ്‌കർ (34), മുട്ടിൽവീട്ടിൽ കെ.അഖിൽ (30), പുതിയപുരയിൽ പി.പി.അൻവർ സാദത്ത് (30), നിലാവിൽ സി.നിജിൽ (30), പി.കെ.അഭിനാഷ് (32), എ.ജിതിൻ (30), സാജ് നിവാസിൽ കെ.സഞ്ജയ് (31), രജത് നിവാസിൽ കെ.രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടിൽ എ.കെ.സുബിൻ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരാണ് ഈ കേസിലെ പ്രതികൾ.
അതേസമയം, വിചാരണ നടപടികൾക്കിടെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി നടപടിയെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്തു. വിചാരണ വൈകിപ്പിച്ച് കേസിൽ നിന്ന് അനധികൃതമായി ആനുകൂല്യം നേടാനുള്ള പ്രതികളുടെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് മാധ്യമങ്ങളോട് പ്രതികരിച്ചു.