05/09/2026
[fontresizer_tawhidurrahmandear_widget]

‘വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടിയും ഭരിച്ചു’; തോൽവിയ്ക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

 ‘വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടിയും ഭരിച്ചു’; തോൽവിയ്ക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിധിയെ തങ്ങൾ അംഗീകരിക്കുന്നുവെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും വ്യക്തമാക്കിയ സ്റ്റാലിൻ, തന്റെ മനസാക്ഷിക്ക് അനുസൃതമായി പ്രവർത്തിച്ചിട്ടുണ്ടെന്നും കഴിവിനപ്പുറം അധ്വാനിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ഓർമ്മിപ്പിച്ചു.

ഭരണനേട്ടങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് തേടിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ മഹത്തായ ജയങ്ങൾ കണ്ടു, തോൽവികൾ അറിഞ്ഞു. ജയപരാജയങ്ങൾ അല്ല, നയവും പ്രത്യയശാസ്ത്രവുമാണ് പ്രധാനമെന്നും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ യാത്ര പതറാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ചെയ്തവർക്കു വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്കു വേണ്ടിയും ഞാൻ ഭരിച്ചു. എല്ലാ ജനങ്ങളോടും സത്യസന്ധനായി മാത്രമേ നിന്നിട്ടുള്ളൂ. എന്റെ മനസാക്ഷിക്ക് അനുസൃതമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ ജനങ്ങൾക്ക് മാതൃകാപരമായ ഒരു ഭരണകക്ഷിയായി പ്രവർത്തിച്ചിരുന്ന ഡിഎംകെ ഇനി മുതൽ മാതൃകാപരമായ ഒരു പ്രതിപക്ഷ പാർട്ടിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർഥി വി എസ് ബാബുവാണ് ഇത്തവണ സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിന് അടി പതറിയത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോല്‌വിയാണിത്.

Also read: