14/05/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസ് തീരത്ത് 30 മിസൈൽ താവളങ്ങൾ സജ്ജമാക്കി നിർത്തി ഇറാൻ; 70% ബാലിസ്റ്റിക് മിസൈൽ ശേഖരവും വീണ്ടെടുതെന്ന് യുഎസ് ഇന്റലിജൻസ്

 ഹോർമുസ് തീരത്ത് 30 മിസൈൽ താവളങ്ങൾ സജ്ജമാക്കി നിർത്തി ഇറാൻ; 70% ബാലിസ്റ്റിക് മിസൈൽ ശേഖരവും വീണ്ടെടുതെന്ന് യുഎസ് ഇന്റലിജൻസ്

വാഷിങ്ടൺ/തെഹ്‌റാൻ: യുദ്ധത്തിൽ ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കപ്പെട്ടുവെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾ തള്ളി യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ രഹസ്യ റിപ്പോർട്ട് പുറത്ത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ‘ഓപറേഷൻ എപിക് ഫ്യൂറി’ക്ക് ശേഷവും ഇറാന്റെ മിസൈൽ ശേഖരത്തിൽ വലിയൊരു ഭാഗം ഇപ്പോഴും സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് തീരത്തുള്ള 33 മിസൈൽ താവളങ്ങലിൽ 30ന്റെയും നിയന്ത്രണം തിരിച്ചുപിടിച്ച ഇറാൻ ഇവ സർവസജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നാണ് യുഎസ് ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ തകർന്ന 70 ശതമാനം ബാലിസ്റ്റിക് മിസൈൽ ശേഖരവും 90 ശതമാനം ഭൂഗർഭ മിസൈൽ നഗരങ്ങളും ഇറാൻ വീണ്ടെടുത്തെന്നും വെളിപ്പെടുത്തലുണ്ട്.

യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസ്’ ആണ് സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്കിന് സമീപത്തുള്ള ഇറാന്റെ 33 മിസൈൽ താവളങ്ങളിൽ 30 എണ്ണവും ഇപ്പോൾ പ്രവർത്തനസജ്ജമാണ് എന്നതാണ് അമേരിക്കയെ ആശങ്കപ്പെടുത്തുന്ന കാര്യം. ഇവയിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും നേരെ ഏത് നിമിഷവും ആക്രമണം നടത്താൻ ഇറാന് സാധിക്കും. മിക്ക താവളങ്ങളിൽനിന്നും മിസൈലുകൾ നേരിട്ട് വിക്ഷേപിക്കാനോ അല്ലെങ്കിൽ മൊബൈൽ ലോഞ്ചറുകൾ ഉപയോഗിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനോ ഇറാന് കഴിയുന്നുണ്ട്. കേവലം മൂന്ന് താവളങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തനരഹിതമായിട്ടുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ പുതിയ വിലയിരുത്തൽ പ്രകാരം യുദ്ധത്തിന് മുൻപുണ്ടായിരുന്ന മൊബൈൽ ലോഞ്ചറുകളിൽ 70 ശതമാനവും ഇറാൻ ഇപ്പോഴും നിലനിർത്തുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും അടങ്ങുന്ന ആകെ ആയുധശേഖരത്തിന്റെ 70 ശതമാനവും ഇറാന്റെ പക്കൽ സുരക്ഷിതമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഭൂഗർഭ മിസൈൽ സിറ്റികളിൽ 90 ശതമാനവും ഭാഗികമായോ പൂർണമായോ പ്രവർത്തനസജ്ജമായിക്കഴിഞ്ഞെന്നും അമേരിക്ക വിലയിരുത്തുന്നു.

ഇറാന്റെ സൈന്യം സമ്പൂർണമായി തകർക്കപ്പെട്ടെന്നും അവർ ഇനി ഒരു ഭീഷണിയല്ലെന്നും കഴിഞ്ഞ മാസങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. മാർച്ച് ഒൻപതിന് ട്രംപ് പറഞ്ഞത് ഇറാന്റെ പക്കൽ സൈനികമായി ഇനി ഒന്നുമില്ലെന്നാണ്. എന്നാൽ ഈ പ്രസ്താവനകളെ പൂർണമായും നിഷേധിക്കുന്നതാണ് പുതിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ. വൈറ്റ് ഹൗസ് വക്താവ് ഒലിവിയ വെയിൽസ് പുതിയ വെളിപ്പെടുത്തലുകളെ തള്ളിക്കളഞ്ഞു. ഇറാന്റെ സൈനിക ശേഷി വീണ്ടെടുത്തുവെന്ന് വിശ്വസിക്കുന്നവർ വിഭ്രാന്തിയിലാണെന്നും ഇറാന്റെ പി.ആർ പണിയാണ് അവർ ഏറ്റെടുത്ത് ചെയ്യുന്നതെന്നും ഒലിവിയ കുറ്റപ്പെടുത്തി.

നിലവിലെ വെടിനിർത്തൽ ലംഘിക്കപ്പെടുകയും യുദ്ധം പുനരാരംഭിക്കുകയും ചെയ്താൽ അമേരിക്ക വലിയ പ്രതിസന്ധിയിലാകുമെന്നാണ് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധത്തിൽ ടോമാഹോക്ക്, പേട്രിയറ്റ് ഉൾപ്പെടെയുള്ള സുപ്രധാന മിസൈലുകളുടെ ശേഖരം അമേരിക്കയ്ക്ക് വൻതോതിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം, ഇറാൻ ഇപ്പോഴും ആയുധക്കരുത്ത് നിലനിർത്തുന്നത് അമേരിക്കയെ സമ്മർദത്തിലാക്കുന്നു. ഇറാന്റെ ഭൂഗർഭ താവളങ്ങൾ തകർക്കാൻ ശ്രമിക്കുന്നതിന് പകരം അവയുടെ പ്രവേശന കവാടങ്ങൾ അടയ്ക്കാനാണ് അമേരിക്ക ശ്രമിച്ചത്. എന്നാൽ ഈ തന്ത്രം ഭാഗികമായി മാത്രമേ വിജയിച്ചിട്ടുള്ളൂവെന്ന് സൈനിക വൃത്തങ്ങൾ സമ്മതിക്കുന്നു.

Also read: