’25 വർഷമായി ഒരേ ശരീരഭാരം, തെരഞ്ഞെടുപ്പ് തിരക്കിൽ ഉറക്കം കുറഞ്ഞു’; വി.ഡിയുടെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിലേക്ക് എത്തുമ്പോൾ, നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളും ജീവിതശൈലിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഒരേ ശരീരഭാരം കാത്തുസൂക്ഷിക്കുന്ന അദേഹം, തെരഞ്ഞെടുപ്പ് കാലത്തെ കഠിനമായ ഓട്ടത്തിനിടയിൽ നാല് കിലോയോളം കുറഞ്ഞതായി വെളിപ്പെടുത്തി.
കൃത്യമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് സതീശന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനം. ദിവസവും 40 മിനിറ്റ് നടത്തം ശീലമാക്കിയിരുന്ന അദ്ദേഹം, തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം സ്പെഷ്യൽ നടത്തം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. “വയറ് നിറഞ്ഞെന്ന് തോന്നിയാൽ അപ്പോൾ ഭക്ഷണം നിർത്തും, പകുതി വയർ മാത്രമേ കഴിക്കൂ” എന്നാണ് തന്റെ ഭക്ഷണരീതിയെക്കുറിച്ച് അദ്ദേഹം പറയുന്നത്.
മത്സ്യത്തോടും മാമ്പഴ പുളിശ്ശേരിയോടും പ്രത്യേക താൽപ്പര്യമുണ്ടെങ്കിലും പോഷകാഹാരത്തിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസമായി ഉറക്കത്തിലും ഭക്ഷണക്രമത്തിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ദിവസവും രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ് ഉറക്കം ലഭിക്കുന്നത്. കൃത്യസമയത്ത് ഭക്ഷണം ലഭിക്കാത്തപ്പോൾ കരിക്കിൻ വെള്ളവും കട്ടൻചായയും കുടിച്ചാണ് ഊർജം നിലനിർത്തുന്നതെന്നും നിയുക്ത മുഖ്യമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.