11/05/2026
[fontresizer_tawhidurrahmandear_widget]

രാജിവയ്ക്കില്ലെന്ന് മമത; ബംഗാളിൽ ഇനി എന്തു സംഭവിക്കും?

 രാജിവയ്ക്കില്ലെന്ന് മമത; ബംഗാളിൽ ഇനി എന്തു സംഭവിക്കും?

കൊൽക്കത്ത: തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താൻ രാജിവെക്കില്ലെന്നും മമതാ ബാനർജി പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് തോറ്റിട്ടില്ലെന്നാണ് മമതയുടെ വാദം. മെയ് ആറ് വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധിയെന്നിരിക്കെ, മമതയുടെ ഈ നിലപാട് ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സാധാരണയായി ഭരണവിരുദ്ധ ജനവിധി ഉണ്ടായാൽ മുഖ്യമന്ത്രി ഗവർണർക്ക് രാജി സമർപ്പിക്കുകയും അടുത്ത സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരുകയുമാണ് പതിവ്. എന്നാൽ രാജ്ഭവനിലെത്തി രാജി നൽകാൻ തയാറല്ലെന്ന് മമത വ്യക്തമാക്കിയിരിക്കുകയാണ്.

ഈ സാഹചര്യം സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. അഞ്ചുവർഷം കഴിഞ്ഞാൽ സർക്കാരിന് അധികാരത്തിൽ തുടരാനാകില്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ടെന്നും മെയ് ആറ് കഴിയുന്നതോടെ മമതയുടെ മുഖ്യമന്ത്രി പദവി സ്വാഭാവികമായും ഇല്ലാതാകുമെന്നും ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടുന്നു. മമതയുടെ എതിർപ്പിന് നിയമസാധുതയില്ലെന്നും സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ടെന്നും മുതിർന്ന അഭിഭാഷകർ വ്യക്തമാക്കുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് ഫലത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ മമതയ്ക്ക് അവകാശമുണ്ടെങ്കിലും അത് മുഖ്യമന്ത്രി പദവിയിൽ തുടരാനുള്ള പഴുതാകില്ല.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി പക്ഷപാതപരമായാണ് പ്രവർത്തിച്ചതെന്നും തൃണമൂലിന്റെ യഥാർത്ഥ എതിരാളി ബിജെപി ആയിരുന്നില്ലെന്നും മമത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയെ കൊള്ളയടിച്ചാണ് ഫലം അട്ടിമറിച്ചതെന്ന് അവർ കുറ്റപ്പെടുത്തി. ഇക്കുറി തൃണമൂൽ കോൺഗ്രസിന് ബംഗാളിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. 293 സീറ്റുകളിൽ 207 എണ്ണവും നേടി ബിജെപി കേവലഭൂരിപക്ഷം ഉറപ്പിച്ചപ്പോൾ തൃണമൂലിന് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ മുൻ സഹപ്രവർത്തകൻ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടത് പാർട്ടിയുടെ തകർച്ചയ്ക്ക് ആഴം കൂട്ടിയിട്ടുണ്ട്.

Also read: