24/07/2026
[fontresizer_tawhidurrahmandear_widget]

അവസാന സെക്കൻഡിൽ യുഎസ്എയെ വീഴ്ത്തി തുർക്കി; ഇൻജറി ടൈമിൽ കാൻ അയ്ഹാന്റെ മാജിക് ഗോൾ

 അവസാന സെക്കൻഡിൽ യുഎസ്എയെ വീഴ്ത്തി തുർക്കി; ഇൻജറി ടൈമിൽ കാൻ അയ്ഹാന്റെ മാജിക് ഗോൾ

ന്യൂയോർക്ക്: ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കരുത്തരായ യുഎസ്എയ്‌ക്കെതിരെ മികച്ച ജയവുമായി തുർക്കി (3-2). മത്സരത്തിന്റെ അവസാന നിമിഷത്തിൽ കാൻ അയ്ഹാൻ നേടിയ തകർപ്പൻ ഗോളാണ് തുർക്കിക്ക് നാടകീയ വിജയം സമ്മാനിച്ചത്. പ്രീ-ക്വാർട്ടർ ഘട്ടം ഉറപ്പായതിനാൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് അമേരിക്ക കളിക്കാനിറങ്ങിയത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഓസ്റ്റൺ ട്രസ്റ്റിയുടെ ഗോളിലൂടെ യുഎസ്എ ലീഡെടുത്തിരുന്നു. എന്നാൽ പത്താം മിനിറ്റിൽ റയൽ മാഡ്രിഡ് താരം അർദാ ഗുലറുടെ മറുപടി ഗോളിലൂടെ തുർക്കി സമനില പിടിച്ചു. തുടർന്ന് 31-ാം മിനിറ്റിൽ ബാരിസ് അൽപേർ തുർക്കിയെ വീണ്ടും മുന്നിലെത്തിച്ചു; ഈ ഗോളിന് വഴിയൊരുക്കിയതും ഗുലറുടെ തകർപ്പൻ മുന്നേറ്റമായിരുന്നു.

രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച യുഎസ്എ 49-ാം മിനിറ്റിൽ സെബാസ്റ്റ്യൻ ബെർത്ഹാൽട്ടറിലൂടെ വീണ്ടും സമനില പിടിച്ചു. പരാഗ്വെയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ച് ഈ മത്സരത്തിലൂടെ തിരികെ കളിക്കളത്തിൽ എത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ കളി മാറ്റാൻ അദ്ദേഹത്തിനായില്ല.

മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ചിരിക്കെയാണ് ഇൻജറി ടൈമിന്റെ അവസാന സെക്കൻഡിൽ കാൻ അയ്ഹാന്റെ കിടിലൻ ഗോൾ പിറക്കുന്നത്. ഈ ലോകകപ്പിൽ തുർക്കി നേടുന്ന ആദ്യ വിജയമാണിത്. ജയിച്ചെങ്കിലും മൂന്ന് പോയിന്റ് മാത്രമുള്ള തുർക്കി ഗ്രൂപ്പ് ഡിയിൽ നാലാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. അതേസമയം, ജൂലൈ ഒന്നിന് നടക്കുന്ന റൗണ്ട് 32 പോരാട്ടത്തിൽ യുഎസ്എ ബോസ്നിയയെ നേരിടും.

Also read: