മദ്യലഹരിയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് പാമ്പിനെ തിന്നു;മൂന്നാമത്തെ പാമ്പിനെ തിന്നുന്നതിനിടെ കടിയേറ്റ് യുവാവ് ആശുപത്രിയിൽ
ഗർവ: മദ്യലഹരിയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡ് സൈഡിൽ നിന്ന് രണ്ട് പാമ്പിനെ പിടിച്ച് തിന്ന് യുവാവ്. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം. ആദ്യത്തെ രണ്ട് പാമ്പുകളും ചെറുതായിരുന്നെങ്കിലും മൂന്നാമതൊരു വലിയ പാമ്പിനെ പിടിച്ചപ്പോൾ കടിയേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്വബോധം നഷ്ടപ്പെട്ട് യുവാവ് ഈ കൃത്യത്തിന് മുതിർന്നത്.
രണ്ട് പാമ്പുകളെയും തിന്നുതീർത്തതിന് ശേഷമാണ് മൂന്നാമത്തെ പാമ്പിനെ പിടിക്കാൻ ശ്രമിച്ചത്. പാമ്പ് കടിയേറ്റതോടെ നിലവിളിച്ചുകൊണ്ട് റോഡിൽ വീണ ഇയാളെ നാട്ടുകാരാണ് ഉടൻ തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് സദർ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ചികിത്സകൾ നൽകിയതോടെ യുവാവ് നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മദ്യലഹരിയിൽ പാമ്പിനെ തിന്ന യുവാവിന്റെ ഈ പ്രവൃത്തി പ്രദേശവാസികളിൽ വലിയ പരിഭ്രാന്തിയാണ് ഉണ്ടാക്കിയത്.