ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യ: വൈശാഖ് എസ്. ദർശനെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്തു
വൈശാഖ്
കണ്ണൂർ: ബി.ജെ.പി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശനെ സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം പിരിച്ച് വൈശാഖിന് കൈമാറിയിരുന്നതായി മരിച്ച രതീശൻ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പണം കൈപ്പറ്റിയ ശേഷം വൈശാഖ് വഞ്ചിച്ചതാണ് തന്റെ മരണത്തിന് കാരണമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം മൂന്നിനാണ് തലശ്ശേരിയിലുള്ള ഓഫീസ് മുറിയിൽ രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുക നൽകിയ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാതിരുന്നതോടെ ഇവർ രതീശന് മേൽ കടുത്ത സമ്മർദ്ദം ചെലുത്താൻ തുടങ്ങിയിരുന്നു. പണം വാങ്ങിയ വൈശാഖ് ജോലി നൽകാതെ കബളിപ്പിച്ചതിനാലാണ് ജീവനൊടുക്കുന്നതെന്ന് മരണക്കുറിപ്പിൽ പറയുന്നു. തിരുവനന്തപുരത്തു നിന്നാണ് എറണാകുളം സ്വദേശിയായ വൈശാഖിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികൾ പരാതിയുമായി മുന്നോട്ടുവന്നാൽ വൈശാഖിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ നീക്കം.