09/08/2026
[fontresizer_tawhidurrahmandear_widget]

ക്വിസ് വിവാദം: ‘സവർക്കറെ ദേശസ്‌നേഹിയാക്കുന്നത് ആർഎസ്എസ് – ബിജെപി അജണ്ട; ഗൗരവത്തോടെ പരിശോധിക്കണം’ -എം.കെ. മുനീർ

 ക്വിസ് വിവാദം: ‘സവർക്കറെ ദേശസ്‌നേഹിയാക്കുന്നത് ആർഎസ്എസ് – ബിജെപി അജണ്ട; ഗൗരവത്തോടെ പരിശോധിക്കണം’ -എം.കെ. മുനീർ

കോഴിക്കോട്: വി.ഡി. സവർക്കറെ ദേശസ്‌നേഹിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ആർ.എസ്.എസ് – ബി.ജെ.പി അജണ്ടയാണെന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. കാസർകോട് ജില്ലയിലെ വിവിധ ഉപജില്ലകളിൽ സംഘടിപ്പിച്ച ഫ്രീഡം ക്വിസിൽ സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രീഡം ക്വിസിൽ അത്തരമൊരു ചോദ്യം കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് ഭരണകൂടം ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു.

ഗാന്ധിവധക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് സവർക്കറെന്നും, അന്നത്തെ സാഹചര്യത്തിൽ തെളിവുകളുടെ അഭാവത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും മുനീർ ഓർമിപ്പിച്ചു. പിന്നീട് വന്ന കപൂർ കമ്മീഷൻ റിപ്പോർട്ടിൽ സവർക്കറുടെ സന്തതസഹചാരികൾ തന്നെ ഗാന്ധിവധത്തിൽ അദ്ദേഹത്തിന് പങ്കുള്ളതായി മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഐക്യത്തെയും നാനാത്വത്തെയും തകർക്കാൻ ശ്രമിച്ച വ്യക്തിയാണ് സവർക്കറെന്നും, സ്കൂൾ തല ക്വിസിൽ ഇത്തരം ചോദ്യങ്ങൾ വന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും എം.കെ. മുനീർ കൂട്ടിച്ചേർത്തു.

പി.എം. ശ്രീ സ്കൂൾ വിഷയത്തിൽ നിയോഗിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാമെന്ന് മുനീർ വ്യക്തമാക്കി. എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചാകും കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയെന്നും, ഇതിനായി പ്രത്യേക സമയപരിധി നിശ്ചയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ലീഗ് നേതാവ്, കേരളത്തിന്ന്റേതായ വിദ്യാഭ്യാസ മാതൃകയുണ്ടെന്നും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിന് ഭംഗം വരുത്തുന്ന രീതിയിൽ സർക്കാർ പ്രവർത്തിക്കില്ലെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ചീഫ് സെക്രട്ടറി നിയമപരമായ കടമ നിർവഹിച്ചതാണോ അതോ സ്വന്തം നിലയിൽ തീരുമാനമെടുത്തതാണോ എന്നാണ് പരിശോധിക്കേണ്ടതെന്ന് മുനീർ പ്രതികരിച്ചു. ഭരണഘടനയനുസരിച്ച് ദേശീയഗാനത്തെ ബഹുമാനിക്കാനാണ് വ്യവസ്ഥയുള്ളത്. വന്ദേമാതരം ചൊല്ലാൻ ആഗ്രഹിക്കുന്നവർക്ക് അത് ചൊല്ലാമെന്നും, എന്നാൽ അത് നിർബന്ധമാക്കരുതെന്നുമാണ് നെഹ്‌റുവിന്റെ കാലം തൊട്ടുള്ള കോൺഗ്രസ് നയം. വന്ദേമാതരം ആലപിക്കാൻ താല്പര്യമില്ലാത്തവരെ അത് നിർബന്ധിച്ച് ചൊല്ലിക്കണോ എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നിലനിൽക്കുന്നുണ്ടെന്നും എം.കെ. മുനീർ വ്യക്തമാക്കി.

Also read: