‘ദില്ലി ഹാഠ് നമ്മുടെ ജന്തര്‍ മന്തറായി മാറുന്നു; ഗ്യാനേഷ് കുമാര്‍ പോകണം’: നേഹ ബോറ
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി ഇടത് വിദ്യാര്‍ത്ഥി സംഘടനകളും സിജെപിയും. പ്രതിഷേധക്കാരെ പൊലീസ് ജന്തര്‍ മന്തറില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതോടെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്.
ഐസ, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ദില്ലി ഹാഠില് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഐസ നേതാവ് നേഹ ബോറ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. “ദില്ലി ഹാഠ് നമ്മുടെ ജന്തര്‍ മന്തറായി മാറുകയാണ്. ഗ്യാനേഷ് കുമാര്‍ പദവി ഒഴിയണം,” എന്ന് നേഹ കുറിച്ചു. ദില്ലി ഹാഠില് നിന്ന് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമൊപ്പം പ്രശാന്ത് ഭൂഷണ് അടക്കമുള്ള മുതിര്‍ന്ന സാമൂഹ്യപ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളായി. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമരം സംഘടിപ്പിച്ച വിവിധ ഇടങ്ങളില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
സമരത്തില്‍ പങ്കെടുക്കാനെത്തിയ നിരവധി യുവാക്കളെയും നേതാക്കളെയും രാവിലെ മുതല്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അഷുതോഷ് രങ്ക, രത്ന സിങ് എന്നിവരെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്എഫ്ഐ നേതാവ് ഐഷെ ഘോഷ് അടക്കമുള്ള പ്രമുഖരെയും പൊലീസ് തടങ്കലിലാക്കി.