19/10/2026
[fontresizer_tawhidurrahmandear_widget]

‘അവർ നമ്മുടെ മക്കളാണ്, ലാത്തിയും ബലപ്രയോഗവും പരിഹാരമല്ല; വിദ്യാർഥികളെ കേൾക്കാൻ സർക്കാർ തയ്യാറാകണം’: ബിജെപി നേതാവ് മുരളി മനോഹർ ജോഷി

 ‘അവർ നമ്മുടെ മക്കളാണ്, ലാത്തിയും ബലപ്രയോഗവും പരിഹാരമല്ല; വിദ്യാർഥികളെ കേൾക്കാൻ സർക്കാർ തയ്യാറാകണം’: ബിജെപി നേതാവ് മുരളി മനോഹർ ജോഷി

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി തെരുവിലിറങ്ങുന്ന വിദ്യാർഥികൾക്ക് നേരെ പോലീസ് ബലപ്രയോഗവും ലാത്തിച്ചാർജ്ജും നടത്തുന്നതിനെതിരെ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായ മുരളി മനോഹർ ജോഷി. വിദ്യാർഥികൾ നമ്മുടെ സ്വന്തം മക്കളാണെന്നും അവരുടെ ന്യായമായ ആവശ്യങ്ങൾ ക്ഷമയോടും വാത്സല്യത്തോടും കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 21-ാമത് ‘ഫിക്കി’ ഉന്നത വിദ്യാഭ്യാസ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പത്മവിഭൂഷൺ ബഹുമതി ജേതാവ് കൂടിയായ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ബലപ്രയോഗം നടത്തുന്നത് തികച്ചും തെറ്റായ പ്രവണതയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഭരണകൂടത്തെ ഓർമ്മിപ്പിച്ചത് ഇങ്ങനെയാണ്:

“വിദ്യാർഥികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും വളരെ അനുഭാവപൂർവം കേൾക്കാൻ സർക്കാർ തയ്യാറാകണം. ലാത്തിയും ബലപ്രയോഗവും ഒന്നിനും ശാശ്വതമായ പരിഹാരമല്ല. പ്രശ്‌നങ്ങളുണ്ടെങ്കിൽ അവരെ വിളിച്ച് കേൾക്കൂ, അവർ നമ്മുടെ സ്വന്തം മക്കളല്ലേ? ഒരു കുട്ടി അച്ഛനോട് പരാതിപ്പെടുമ്പോൾ, എന്തുകൊണ്ടാണ് ആ വാഗ്ദാനം നിറവേറ്റാൻ കഴിയാത്തതെന്ന് സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കുകയല്ലേ വേണ്ടത്? അതോ കുട്ടിയെ ആട്ടിയോടിക്കുകയാണോ ചെയ്യുക? വിദ്യാർഥികളെയും നമ്മൾ അതേ വാത്സല്യത്തോടെയും കരുതലോടെയുമാണ് സമീപിക്കേണ്ടത്.”

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) പുരോഗതിയെക്കുറിച്ച് സംസാരിക്കവേ, നയം നടപ്പിലാക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണെന്നും അതിന്റെ അന്തിമഫലം കൃത്യമായി വിലയിരുത്താൻ സമയമായിട്ടില്ലെന്നും അദ്ദേഹം വിലയിരുത്തി. തുടക്ക ഘട്ടത്തിലുള്ള ഇതിന്റെ യഥാർത്ഥ പ്രതിഫലനങ്ങൾ അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർഥികൾ പ്രക്ഷോഭത്തിലേക്ക് കടന്നപ്പോഴും സമാനമായ നിലപാടുമായി മുരളി മനോഹർ ജോഷി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ന്യൂഡൽഹിയിലെ തെരുവുകളിൽ ദിവസങ്ങളോളം സമരം ചെയ്യേണ്ടിവരുന്നത് ദൗർഭാഗ്യകരമാണെന്നും പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ ആത്മാർത്ഥമായി പരിഹരിക്കപ്പെടണമെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥി സമരങ്ങളെ കേവലം ക്രമസമാധാന പ്രശ്‌നമായി കാണുന്നത് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ‘വികസിത് ഭാരതം’ എന്ന ലക്ഷ്യത്തിൽ നിന്ന് അകറ്റുമെന്നും പെൺകുട്ടികൾക്ക് നേരെ പോലും പോലീസ് ബലപ്രയോഗം നടന്നത് വേദനയുണ്ടാക്കിയെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

Also read: