19/10/2026
[fontresizer_tawhidurrahmandear_widget]

സിജെപി പ്രതിഷേധം: ‘ഗുരുദ്വാരയിൽ ചെരിപ്പിട്ട് പ്രവേശിച്ചു, വിശ്വാസികളുടെ തലപ്പാവ് ബലമായി നീക്കി’; പൊലീസിനെതിരെ നാപ

 സിജെപി പ്രതിഷേധം: ‘ഗുരുദ്വാരയിൽ ചെരിപ്പിട്ട് പ്രവേശിച്ചു, വിശ്വാസികളുടെ തലപ്പാവ് ബലമായി നീക്കി’; പൊലീസിനെതിരെ നാപ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ഡൽഹിയിലെ ഗുരുദ്വാരയിൽ സിഖ് വിശ്വാസികൾക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ (നാപ). സമരക്കാരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ചെരിപ്പ് ധരിച്ച് ആരാധനാലയത്തിൽ പ്രവേശിച്ചതിലും, വിശ്വാസികളുടെ തലപ്പാവ് ബലമായി അഴിച്ചുമാറ്റിയതിലും സംഘടന ശക്തമായ പ്രതിഷേധവും വിശദീകരണവും തേടി.

സിഖ് മതാചാരങ്ങളോടുള്ള അനാദരവ്, തലപ്പാവ് ബലമായി നീക്കം ചെയ്യൽ, പ്രതിഷേധത്തിൽ പങ്കെടുത്ത വനിതകളോട് മോശമായി പെരുമാറിയ സംഭവം എന്നിവ രാജ്യത്തിനകത്തും പുറത്തുമുള്ള സിഖ് സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയതായി നാപ എക്സിക്യൂട്ടിവ് ഡയറക്‌ടർ സത്നം സിങ് ചാഹൽ വ്യക്തമാക്കി. സിഖ് സ്വത്വത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായ തലപ്പാവ് ബലമായി നീക്കിയ സംഭവം ഗൗരവത്തോടെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് നിയമവിരുദ്ധ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ വകുപ്പുതല-നിയമനടപടികൾ സ്വീകരിക്കണം. പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തി അവർക്ക് അടിയന്തര സംരക്ഷണം ഉറപ്പാക്കണമെന്നും നാപ ചൂണ്ടിക്കാട്ടി. തൃപ്തികരമായ വിശദീകരണങ്ങൾ നൽകുന്നതിലുപരി സുതാര്യമായ അന്വേഷണത്തിലൂടെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയാണ് പൊതുജനവിശ്വാസം നിലനിർത്താൻ ആവശ്യമെന്നും സംഘടന അറിയിച്ചു.

രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഡൽഹി ഭരണകൂടം, മനുഷ്യാവകാശ സ്ഥാപനങ്ങൾ എന്നിവർ അടിയന്തരമായി ഇടപെട്ട് വിശ്വാസയോഗ്യമായ അന്വേഷണം ഉറപ്പാക്കണം. ജനാധിപത്യപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരുടെ അവകാശങ്ങളും മതവിശ്വാസികളുടെ അന്തസ്സും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും നാപ കൂട്ടിച്ചേർത്തു.

Also read: