‘നിങ്ങൾ രാജ്യത്തിന്റെ ഉടമകളല്ല, തിരഞ്ഞെടുക്കപ്പെട്ടവർ മാത്രം; സ്വേച്ഛാധിപത്യത്തിന്റെ വഴിയിലേക്ക് പോകരുത്’: കേന്ദ്രത്തെ വിമർശിച്ച് ബി.ആർ. അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ
പ്രകാശ് അംബേദ്കർ
മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകനും വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷനുമായ പ്രകാശ് അംബേദ്കർ. സമാധാനപരമായ സമരത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദക്ഷിണ മുംബൈയിലെ ഹുതാത്മ ചൗക്കിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെയാണ് പ്രകാശ് അംബേദ്കർ കേന്ദ്ര സർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്.
പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശങ്ങളെ സഞ്ചാര നിയന്ത്രണങ്ങളിലൂടെയും പോലീസ് നടപടികളിലൂടെയും കേന്ദ്രം ഇല്ലാതാക്കുകയാണെന്ന് പ്രകാശ് അംബേദ്കർ ആരോപിച്ചു. ഈ വിഷയത്തിൽ മുഴുവൻ പ്രതിപക്ഷ പാർട്ടികളെയും ഒന്നിച്ചുനിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു. സമരത്തെ കേവലം തെരഞ്ഞെടുപ്പ് നേട്ടങ്ങളുടെ കണ്ണിലൂടെ മാത്രം കാണരുതെന്നും, രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും സംഘടനകളെയും സമരത്തിലേക്ക് ക്ഷണിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരെ തെരഞ്ഞെടുക്കണമെന്ന് വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലേക്ക് പ്രതിഷേധക്കാർ എത്തുന്നത് തടയാൻ ഗതാഗത സംവിധാനങ്ങൾ സർക്കാർ മനപ്പൂർവ്വം തടസ്സപ്പെടുത്തുകയാണെന്നാണ് പ്രകാശ് അംബേദ്കറുടെ പ്രധാന ആരോപണം. ട്രെയിനുകൾ റദ്ദാക്കിയും മെട്രോ സ്റ്റേഷനുകൾ അടച്ചൂപൂട്ടി സമരത്തെ ദുർബലപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അതിനെ ഇങ്ങനെ ക്രൂരമായി അടിച്ചമർത്തുന്നത് സ്വേച്ഛാധിപത്യത്തിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാരിക്കേഡുകൾ കെട്ടി ജനങ്ങളെ തടയുന്നതും കിലോമീറ്ററുകളോളം നടത്തിക്കുന്നതും നോട്ടീസിന്റെയും അറസ്റ്റിന്റെയും പേരിൽ ഭയപ്പെടുത്തുന്നതും ജനാധിപത്യപരമായ നടപടിയല്ല.
“നിങ്ങൾ ഈ രാജ്യത്തിന്റെ ഉടമകളല്ല മറിച്ച് അഞ്ച് വർഷത്തേക്ക് ജനങ്ങൾ തെരഞ്ഞെടുത്തവരാണ്. സമാധാനപരമായി ഭരിക്കണം. സ്വേച്ഛാധിപത്യത്തിന്റെ വഴിയിലേക്ക് പോകരുത്,” എന്ന് പ്രകാശ് അംബേദ്കർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സമരം നടക്കാൻ അനുവദിച്ച് ജനങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പോലീസ് അറസ്റ്റ് ഭയന്ന് സമരത്തിൽ നിന്നും ഒരു കാരണവശാലും പിന്മാറരുതെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്കെയോട് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടു. വോട്ടർ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6ൽ മാറ്റങ്ങൾ വരുത്തിയെന്നും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയ്ക്കിടെ ക്രമക്കേടുകൾ നടന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് സിജെപി പ്രക്ഷോഭം നടത്തുന്നത്. അറസ്റ്റ് ചെയ്താലും എഫ്.ഐ.ആർ ഇട്ടാലും ജയിലിലടച്ചാലും അവസാനം വരെ പോരാട്ടം ശക്തമായി തുടരണമെന്നാണ് ദീപ്കെയ്ക്ക് അദ്ദേഹം നൽകിയ ഉപദേശം.
രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്തോ മണ്ഡൽ കമ്മീഷൻ സമരക്കാലത്തോ പോലും ഇത്ര കടുത്ത രീതിയിലുള്ള അടിച്ചമർത്തലുകൾ ഉണ്ടായിട്ടില്ലെന്ന് പ്രകാശ് അംബേദ്കർ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ തുടർച്ചയായ സ്വേച്ഛാധിപത്യ നിലപാടുകൾ ജനാധിപത്യ സ്ഥാപനങ്ങളെത്തന്നെ വലിയ അപകടത്തിലാക്കുമെന്നും രാജ്യത്ത് വൻ അശാന്തിക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.