23/11/2026
[fontresizer_tawhidurrahmandear_widget]

“മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്; പ്രധാനമന്ത്രി രാജ്യദ്രോഹിയാണെന്ന് 5 മിനിറ്റുകൊണ്ട് തെളിയിക്കാം, ബിജെപി സർക്കാർ ഒരു വർഷത്തിനകം താഴെ വീഴും”; സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

 “മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്; പ്രധാനമന്ത്രി രാജ്യദ്രോഹിയാണെന്ന് 5 മിനിറ്റുകൊണ്ട് തെളിയിക്കാം, ബിജെപി സർക്കാർ ഒരു വർഷത്തിനകം താഴെ വീഴും”; സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ചണ്ഡി​ഗർഹ്: പഞ്ചാബിലെ സംഗ്രൂരിൽ കോൺഗ്രസ് പാർട്ടിയുടെ ഇൻസാഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കയും ട്രംപുമാണെന്നും വ്യവസായികളെയാണ് കേന്ദ്ര സർക്കാർ അനുകൂലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എൻഡിഎ സർക്കാർ ഒരു വർഷത്തിനകം താഴെ വീഴുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയുമായി ഒരു കരാറിൽ ഒപ്പിടാൻ ട്രംപ് മോദിയെ സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം റാലിയിൽ പറഞ്ഞു.

താനുമായി ഒരു മുഖാമുഖ സംവാദത്തിന് തയ്യാറാകാൻ പ്രധാനമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച രാഹുൽ, മോദി ഒരു രാജ്യദ്രോഹിയാണെന്ന് കേവലം അഞ്ച് മിനിറ്റുകൊണ്ട് തനിക്ക് തെളിയിക്കാൻ സാധിക്കുമെന്നും അവകാശപ്പെട്ടു. സംവാദത്തിനായി പ്രധാനമന്ത്രിക്ക് ആരെ വേണമെങ്കിലും വിധികർത്താവായി തെരഞ്ഞെടുക്കാമെന്നും, എന്നാൽ തനിക്ക് മുന്നിലിരുന്ന് സംസാരിക്കാൻ മോദിക്ക് ധൈര്യമില്ലെന്ന് രാജ്യത്തിന് ഉറപ്പുനൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട അമേരിക്കയിലെ കേസ് അവസാനിപ്പിച്ചതിന് പിന്നിൽ ചില രാഷ്ട്രീയ ഒത്തുതീർപ്പുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കെതിരെയും മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെയും അദ്ദേഹം കടുത്ത വിമർശനങ്ങളുന്നയിച്ചു. പഞ്ചാബിലെ വർധിച്ചുവരുന്ന മയക്കുമരുന്ന് പ്രശ്നങ്ങളെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ മദ്യപിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് മയക്കുമരുന്നിനെതിരെ പോരാടാൻ കഴിയുകയെന്ന് ഭഗവന്ത് മന്നിനെ ലക്ഷ്യംവെച്ച് രാഹുൽ ചോദിച്ചു. പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്നത് ഡൽഹിയിലുള്ള ബിജെപി നേതൃത്വവും ആം ആദ്മി പാർട്ടിയുമാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കയ്യിലാണ് ഭരണത്തിന്റെ ഒരു പകുതിയെന്നും മറുപകുതി കെജ്‌രിവാളിന്റെ കയ്യിലാണെന്നും അദ്ദേഹം പരിഹസിച്ചു.

കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം റാലിയിൽ ഓർത്തെടുത്തു. മൂസെവാലയുടെ പിതാവ് ബൽക്കൗർ സിങ്ങിനെയും അദ്ദേഹം റാലിയിൽ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. മൂസെവാലയെ വെടിവെച്ചുകൊലപ്പെടുത്തിയ അതേ മാനസികാവസ്ഥയിലുള്ളവർ ഇന്ന് പഞ്ചാബിന്റെ മുക്കിലും മൂലയിലും കറങ്ങിനടക്കുകയാണെന്നും, ഇത്തരം ദുരൂഹ മരണങ്ങൾ സംസ്ഥാനത്തൊരു പതിവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പഞ്ചാബിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ മയക്കുമരുന്ന് ഭീഷണി ഇല്ലാതാക്കുമെന്നും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, രാപ്പകൽ വ്യത്യാസമില്ലാതെ കർഷകർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും വാഗ്ദാനം നൽകിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അതേസമയം, സംവാദത്തിന് വെല്ലുവിളിച്ച രാഹുലിനെതിരെ ബിജെപി നേതാവ് നിതിൻ നവീൻ രംഗത്തെത്തിയിട്ടുണ്ട്. വിദേശ ടൂൾകിറ്റുകളുടെ സ്വാധീനത്തിലുള്ള രാഹുൽ ഗാന്ധി രാജ്യത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

Also read: