ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിക്കണം
തിരക്കുപിടിച്ച ഇന്നത്തെ ജീവിതശൈലിയിൽ ബാക്കി വരുന്ന ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു പിന്നീട് ഉപയോഗിക്കുന്നത് മിക്ക വീടുകളിലും പതിവാണ്. എന്നാൽ, ശരിയായ രീതിയിലല്ല ഇത് ചെയ്യുന്നതെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. ഫ്രിഡ്ജിൽ വെച്ച ഭക്ഷണം എത്ര ദിവസം വരെ ഉപയോഗിക്കാം, എങ്ങനെ സുരക്ഷിതമായി വീണ്ടും ചൂടാക്കാം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് റമദാൻ കാലമായതിനാൽ ഇഫ്താർ വിരുന്നുകളിൽ ബാക്കിവരുന്ന വിഭവങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവർ ഭക്ഷ്യസുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അപകടമേഖല തിരിച്ചറിയുക
പാകം ചെയ്ത ഭക്ഷണം മുറിയിലെ താപനിലയിൽ രണ്ട് മണിക്കൂറിൽ കൂടുതൽ പുറത്തുവെക്കരുത്. അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിൽ ഒരു മണിക്കൂറിൽ കൂടുതൽ ഭക്ഷണം പുറത്ത് വെക്കരുത്. 4 ഡിഗ്രി സെൽഷ്യസിനും 60 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനില ബാക്ടീരിയകൾ അതിവേഗം വളരാൻ അനുയോജ്യമായ അപകടമേഖലയാണ്. ചൂടുള്ള ഭക്ഷണങ്ങൾ കാസറോളിലോ വാമറിലോ 60 ഡിഗ്രിക്ക് മുകളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാൻ
ഭക്ഷണം ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് പാത്രത്തിൽ വെച്ച് തണുപ്പിക്കണം. ചോറ്, പരിപ്പ് എന്നിവ രണ്ട് ദിവസം വരെയും പച്ചക്കറികൾ 3-4 ദിവസം വരെയും ഫ്രിഡ്ജിൽ സുരക്ഷിതമായിരിക്കും. എന്നാൽ മത്സ്യം, മാംസം എന്നിവ 24 മുതൽ 36 മണിക്കൂറിനുള്ളിൽ കഴിച്ചു തീർക്കുന്നതാണ് ഉചിതം. ദീർഘകാലത്തേക്ക് സൂക്ഷിക്കണമെങ്കിൽ ഫ്രീസറിൽ വെക്കാം, എങ്കിലും 3-4 മാസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് രുചി നിലനിർത്താൻ നല്ലത്.
വീണ്ടും ചൂടാക്കുമ്പോൾ
ഫ്രിഡ്ജിൽ നിന്ന് എടുത്ത ഭക്ഷണം ഒരിക്കൽ മാത്രമേ ചൂടാക്കാവൂ. 70 ഡിഗ്രി സെൽഷ്യസിൽ ആന്തരിക താപനില എത്തുന്നത് വരെ ചൂടാക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. എന്നാൽ ഓരോ തവണ ചൂടാക്കുമ്പോഴും വിറ്റാമിൻ സി, ബി കോംപ്ലക്സ് എന്നിവ നഷ്ടപ്പെടുകയും ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യും. മൈക്രോവേവ് ഉപയോഗിക്കുമ്പോൾ പാത്രം മൂടിവെക്കുന്നത് ആവി നിലനിർത്താനും വിറ്റാമിനുകൾ സംരക്ഷിക്കാനും സഹായിക്കും.
ഒഴിവാക്കേണ്ടവ
- ചീരയും ഇലക്കറികളും: ഇവയിലെ നൈട്രേറ്റുകൾ ചൂടാക്കുമ്പോൾ ഹാനികരമായ നൈട്രൈറ്റുകളായി മാറി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
- ചിക്കനും മുട്ടയും: ഉയർന്ന താപനിലയിൽ ഇവ വീണ്ടും ചൂടാക്കുന്നത് പ്രോട്ടീൻ ഘടനയിൽ മാറ്റം വരുത്തുകയും ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
- ചോറ്: റീഹീറ്റ് ചെയ്താലും നശിക്കാത്ത ബാക്ടീരിയകൾ ചോറിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം.
- ഉരുളക്കിഴങ്ങ്: പാകം ചെയ്ത് പുറത്തുവെച്ച ഉരുളക്കിഴങ്ങിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന വിഷബാക്ടീരിയ വളരാൻ സാധ്യതയുണ്ട്.
ഭക്ഷണത്തിന്റെ മണമോ രുചിയോ മാറിയില്ലെങ്കിലും അവയിൽ ബാക്ടീരിയകൾ ഉണ്ടാകാം. സംശയമുള്ള പക്ഷം ആ ഭക്ഷണം ഒഴിവാക്കുന്നതാണ് ബുദ്ധി. “ഭക്ഷ്യസുരക്ഷയുടെ താക്കോൽ ചൂടുള്ള ഭക്ഷണം ചൂടോടെയും തണുത്ത ഭക്ഷണം തണുപ്പിച്ചും സൂക്ഷിക്കുക” എന്നതാണ്.