ഇറാനെ വളഞ്ഞ് 300-ലധികം യുദ്ധവിമാനങ്ങൾ; പശ്ചിമേഷ്യയിൽ അമേരിക്കയുടെ വൻ പടയൊരുക്കം
വാഷിങ്ടൺ/ദുബൈ: ഇറാനുമായുള്ള യുദ്ധഭീതിയും ആണവ ചർച്ചകളും ഒരേസമയം പുരോഗമിക്കവെ, പശ്ചിമേഷ്യയിൽ വൻ സൈനിക വിന്യാസം നടത്തി അമേരിക്ക. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (സെന്റ്‌കോം) പരിധിയിലുള്ള മേഖലയിൽ ഇതിനകം 300-ലധികം അമേരിക്കൻ സൈനിക വിമാനങ്ങൾ വിന്യസിക്കപ്പെട്ടതായി ഓപൺ സോഴ്‌സ് ഇന്റലിജൻസ് വിവരങ്ങൾ വ്യക്തമാക്കുന്നു.
വിവിധ തരത്തിലുള്ള യുദ്ധവിമാനങ്ങൾ, ബോംബറുകൾ, ഇന്ധനം നിറയ്ക്കാനുള്ള ടാങ്കറുകൾ എന്നിവയുൾപ്പെടെയാണ് ഇത്രയധികം വിമാനങ്ങൾ മേഖലയിൽ എത്തിച്ചിരിക്കുന്നത്. ജർമനിയിലെ സ്പാങ്ഡഹ്ലെം വ്യോമതാവളത്തിൽനിന്നുള്ള എഫ്-16 ഫൈറ്റിങ് ഫാൽക്കണുകളും, യുകെയിലെ ലേക്കൻഹീത്ത് താവളത്തിൽനിന്നുള്ള എഫ്-15ഇ സ്‌ട്രൈക്ക് ഈഗിളുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, എ-10 തണ്ടർബോൾട്ട്, എഫ്-22 റാപ്റ്റർ തുടങ്ങിയ വിമാനങ്ങളും സജീവമായി രംഗത്തുണ്ട്.
ഇറാനുമായുള്ള നിർണായക ചർച്ചകൾക്ക് മുന്നോടിയായി സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ ഒരു പൂർണയുദ്ധത്തിന് അമേരിക്ക തയ്യാറാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. വ്യോമ ഇന്ധനം നിറയ്ക്കാനുള്ള കെസി-135, കെസി-46 ടാങ്കറുകളുടെ സാന്നിധ്യം, ദീർഘദൂര ആക്രമണങ്ങൾക്കുള്ള അമേരിക്കയുടെ തയാറെടുപ്പിനെയാണു സൂചിപ്പിക്കുന്നത്.
മേഖലയിലെ വിവിധ താവളങ്ങളിലായി വിന്യസിച്ചിരിക്കുന്ന വിമാനങ്ങൾ, ഇറാൻ അതിർത്തികൾക്ക് ചുറ്റും ഒരു വൻ സൈനിക വലയം തീർത്തിരിക്കുകയാണ്. ഓപൺ സോഴ്‌സ് ഡാറ്റാ അനലിസ്റ്റുകൾ ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ ക്രോഡീകരിച്ചാണ് 300-ലധികം വിമാനങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.