02/03/2026
[fontresizer_tawhidurrahmandear_widget]

കൊൽക്കത്തയെ നടുക്കി വൻ ഭൂചലനം; കെട്ടിടങ്ങളിൽനിന്ന് ഇറങ്ങിയോടി ജനങ്ങൾ

 കൊൽക്കത്തയെ നടുക്കി വൻ ഭൂചലനം; കെട്ടിടങ്ങളിൽനിന്ന് ഇറങ്ങിയോടി ജനങ്ങൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലും സമീപ ജില്ലകളിലും അതിശക്തമായ ഭൂചലനം. ഇന്ന് ഉച്ചയോടെയാണ് വൻ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അയൽരാജ്യമായ ബംഗ്ലാദേശാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

ഉച്ചയ്ക്ക് 1:22-ഓടെയാണ് നഗരത്തെ നടുക്കിയ പ്രകമ്പനം ഉണ്ടായത്. സെക്കന്റുകളോളം നീണ്ടുനിന്ന ഭൂചലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഓഫീസുകളിൽനിന്നും വീടുകളിൽനിന്നും നൂറുകണക്കിന് ആളുകൾ തുറസ്സായ സ്ഥലങ്ങളിലേക്ക് ഇറങ്ങിയോടി. കൊൽക്കത്തയിലെ പല ബഹുനില കെട്ടിടങ്ങളിൽനിന്നും ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. വീടുകളിലെ ഫാനുകളും ഫർണിച്ചറുകളും ആടുന്നത് കണ്ടതായി താമസക്കാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ബംഗ്ലാദേശിലെ സത്ഖിരയ്ക്ക് സമീപം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ ടാക്കിയിൽനിന്ന് ഏകദേശം 26 കിലോമീറ്റർ ദൂരത്തിലാണ് ഈ പ്രദേശം. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഈ മാസത്തിൽ ഇത് രണ്ടാം തവണയാണ് കൊൽക്കത്തയിൽ ഭൂചലനം അനുഭവപ്പെടുന്നത്.

Also read: