വീട്ടിൽ പാകം ചെയ്ത വിഭവങ്ങളുമായി ഡൽഹി ജമാ മസ്ജിദ് അങ്കണത്തിൽ ദിവസവും ഇഫ്താർ വിരുന്നൊരുക്കി നേഹയും കുടുംബവും
ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിന്റെ മൂന്നാം നമ്പർ കവാടത്തിന് മുന്നിൽ വൈകുന്നേരങ്ങളിൽ ഇപ്പോൾ തിരക്കേറുന്നത് പ്രാർത്ഥനയ്ക്കായി മാത്രമല്ല, മനുഷ്യത്വത്തിന്റെ വലിയൊരു വിരുന്നിൽ പങ്കുചേരാൻ കൂടിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി റമദാൻ മാസത്തിൽ ദിവസവും മുന്നൂറിലധികം പേർക്ക് സൗജന്യമായി നോമ്പുതുറ വിരുന്നൊരുക്കുകയാണ് നേഹ ഭാരതി എന്ന യുവതിയും കുടുംബവും.
ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയ നേഹ, സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണവുമായാണ് എല്ലാ ദിവസവും വൈകുന്നേരം പള്ളിക്ക് മുന്നിലെത്തുന്നത്. തൊഴിലാളികൾ, വിദ്യാർത്ഥികൾ, യാത്രക്കാർ തുടങ്ങി നാനാതുറകളിലുള്ളവർ നേഹയുടെ ഇഫ്താർ വിരുന്നിൽ പങ്കാളികളാകുന്നു. 300 മുതൽ 350 വരെ ആളുകൾക്കാണ് പ്രതിദിനം ഇവിടെ ഭക്ഷണം വിളമ്പുന്നത്.
തന്റെ ഈ പ്രവർത്തനത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് നേഹ ഭാരതിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നേഹയുടെ വാക്കുകൾ ഇങ്ങനെ: ”എല്ലായിടത്തും വിദ്വേഷമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് എന്തെങ്കിലും ചെയ്യണമെന്ന് കരുതി ഇത്തരമൊരു ദൗത്യത്തിനിറങ്ങുന്നത്. ഈ ആശയം പറഞ്ഞപ്പോൾ കുടുംബം എല്ലാ പിന്തുണയുമായി ഒപ്പം നിൽക്കുകയും ചെയ്തു. ഇത് പ്രശസ്തിക്കു വേണ്ടി ചെയ്യുന്നതല്ല. ഞാൻ ഒരു സന്നദ്ധ പ്രവർത്തക കൂടിയാണ്. ഇതെല്ലാം സ്വന്തം പണം ചെലവാക്കി ഹൃദയത്തിൽ തട്ടിയാണു ചെയ്യുന്നത്. മനുഷ്യർക്കിടയിൽ സ്നേഹവും സൗഹാർദവും പ്രചരിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. ഇനി പ്രശസ്തിക്കു വേണ്ടിയാണെങ്കിൽ തന്നെയും ഈ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്.”
നേഹയുടെ മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഈ സേവനത്തിൽ പൂർണമനസ്സോടെ കൂടെയുണ്ട്. സ്വന്തം സമ്പാദ്യത്തിൽനിന്ന് തുടങ്ങിയ ഈ ചെറിയ സംരംഭം ഇന്ന് വലിയൊരു ജനകീയ കൂട്ടായ്മയായി മാറിയിരിക്കുകയാണ്. നേഹയുടെ ഈ സൽപ്രവൃത്തിയെക്കുറിച്ച് അറിഞ്ഞ് നിരവധി പേർ അരിയും പഴങ്ങളും ഈത്തപ്പഴവും സാമ്പത്തിക സഹായവുമായി ഇപ്പോൾ മുന്നോട്ടുവരുന്നുണ്ട്.
പാവപ്പെട്ട കുട്ടികൾക്ക് പുസ്തകങ്ങളും വിദ്യാഭ്യാസ സഹായവും നൽകുന്ന ‘രാഹ്’ എന്ന എൻജിഒയും നേഹ നടത്തുന്നുണ്ട്. വിശപ്പടക്കുന്നതിനോടൊപ്പം തന്നെ കുട്ടികൾക്ക് നല്ലൊരു ഭാവി ഉറപ്പാക്കാൻ വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് നേഹ വിശ്വസിക്കുന്നു. ഡൽഹിയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തിന് കൂടുതൽ തിളക്കം നൽകുന്ന നേഹ ഭാരതിയുടെ ഈ പ്രവർത്തനം, റമദാൻ നൽകുന്ന സഹാനുഭൂതിയുടെയും പങ്കുവെക്കലിന്റെയും സന്ദേശം ലോകത്തിന് കാട്ടിക്കൊടുക്കുന്നു.