വൈദ്യുതി മീറ്റർ വാടക കുത്തനെ കൂടും; സിംഗിൾ ഫേസിന് പ്രതിമാസം 31 രൂപയും ത്രീ ഫേസിന് 36 രൂപയുമാകും
കൊച്ചി: കേരളത്തിൽ വൈദ്യുതി മീറ്റർ വാടകയിൽ അഞ്ചിരട്ടിയിലേറെ വർധനവ് വരുത്താനുള്ള നിർദേശവുമായി കെ.എസ്.ഇ.ബി രംഗത്ത്. നിലവിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾ പ്രതിമാസം നൽകുന്ന ആറ് രൂപ വാടക 31 രൂപയായും, ത്രീ ഫേസ് ഉപഭോക്താക്കളുടെ വാടക 36 രൂപയായും വർധിക്കാനാണ് സാധ്യത. ഇതോടെ രണ്ട് മാസത്തിലൊരിക്കൽ ലഭിക്കുന്ന വൈദ്യുതി ബില്ലിൽ മീറ്റർ വാടകയിനത്തിൽ വലിയ മാറ്റം വരും. നിലവിൽ സിംഗിൾ ഫേസ് കണക്ഷന് 12 രൂപ രേഖപ്പെടുത്തുന്ന സ്ഥാനത്ത് ഇനി മുതൽ 62 രൂപയും, ത്രീ ഫേസ് കണക്ഷന് 72 രൂപയുമാണ് ഈടാക്കുക. സംസ്ഥാനം പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് കനത്ത വർധന വരുന്നത്.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1.72 ലക്ഷം സർക്കാർ ഓഫീസുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചു കഴിഞ്ഞു. ഈ മാസം മുതൽ ഈ മീറ്ററുകളിൽ നിന്ന് പുതുക്കിയ വാടക ഈടാക്കുന്നതിനായി വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷന് അപേക്ഷ സമർപ്പിച്ചു. നിലവിൽ എല്ലാ മീറ്ററുകൾക്കും ഒരേ നിരക്കായതിനാൽ, സർക്കാർ ഓഫീസുകളിൽ നടപ്പിലാക്കുന്ന അതേ വാടക തന്നെയാകും ഗാർഹിക ഉപഭോക്താക്കൾക്കും ബാധകമാകുക. ഘട്ടംഘട്ടമായി സംസ്ഥാനത്തെ 50 ലക്ഷത്തോളം ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
നിലവിലുള്ള സാധാരണ മീറ്ററുകൾക്ക് 800 മുതൽ 900 രൂപ വരെയാണ് വിലയെങ്കിൽ, പുതിയ സ്മാർട്ട് മീറ്ററുകൾക്ക് 3100 മുതൽ 4700 രൂപ വരെയാണ് വിപണി വില. ഈ ഉയർന്ന വിലയും ഒപ്പം 8.75 ശതമാനം പലിശയും കൂടി കണക്കിലെടുത്താണ് പ്രതിമാസ വാടക 31 രൂപയിൽ കുറയാതെ നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ഉയർന്ന ഉപഭോഗമുള്ള എൽ.ടി.സി.ടി വിഭാഗത്തിലുള്ളവർക്ക് 47 രൂപയാകും മാസവാടക. നിലവിൽ പഴയ നിരക്ക് തുടരാനാണ് റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിട്ടുള്ളതെങ്കിലും, തെരഞ്ഞെടുപ്പിന് ശേഷം വാടക വർധന സംബന്ധിച്ച അന്തിമ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.