ഇറാന് കനത്ത പ്രഹരമേൽപിച്ച് ഇസ്രയേൽ; സൈനിക താവളങ്ങളിൽ മിസൈൽ വർഷം, യുദ്ധവിമാനം തകർത്തിട്ടു
തെഹ്‌റാൻ: നാല് പതിറ്റാണ്ടിനിപ്പുറം ആകാശയുദ്ധത്തിന് സാക്ഷ്യം വഹിച്ച് പശ്ചിമേഷ്യ. തെഹ്‌റാന് മുകളിൽ നടന്ന കടുത്ത പോരാട്ടത്തിൽ ഇറാന്റെ റഷ്യൻ നിർമ്മിത ‘യാക്-130’ യുദ്ധവിമാനത്തെ ഇസ്രയേൽ വ്യോമസേനയുടെ എഫ്-35ഐവിമാനം വെടിവെച്ചിട്ടു. ലോകചരിത്രത്തിൽ ആദ്യമായാണ് ഒരു എഫ്-35 വിമാനം മറ്റൊരു യുദ്ധവിമാനത്തെ ആകാശപ്പോരിൽ തകർക്കുന്നത്. 1985-ന് ശേഷം ഇതാദ്യമായാണ് ഇസ്രയേൽ വിമാനങ്ങൾ ഒരു ശത്രുവിമാനത്തെ നേരിട്ട് വെടിവെച്ചിടുന്നത്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന (IDF) പുറത്തുവിട്ടു. തെഹ്‌റാനിലെ ഭരണകൂട കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വലിയ ആക്രമണങ്ങളാണ് തുടരുന്നത്. ഡസൻ കണക്കിന് ബാലിസ്റ്റിക്-ക്രൂയിസ് മിസൈൽ സംഭരണ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ യൂണിറ്റുകളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇറാനിയൻ സൈന്യം ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത എം.ഐ-17 ഹെലികോപ്റ്ററും വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്. ഇറാന്റെ വ്യോമശേഷി പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഐഡിഎഫ് വ്യക്തമാക്കി. വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.