ഹോർമുസില്‍ അമേരിക്കയുടെ ഉറക്കംകെടുത്തി ഇറാന്റെ ‘കൊതുകുപട’; യുഎസ് പടക്കപ്പലുകൾക്കും പിടികൊടുക്കാതെ അതിവേഗ ബോട്ടുകൾ
തെഹ്റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പൂർണമായും കൈക്കലാക്കിയിരിക്കുകയാണ്. നൂറുകണക്കിന് ചെറിയ അതിവേഗ ബോട്ടുകൾ ഉൾപ്പെടുന്ന ഇറാന്റെ ‘കൊതുകുപട'(മോസ്‌കിറ്റോ ഫ്‌ലീറ്റ്) ആണ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചടക്കിയിരിക്കുന്നത്. ഉപഗ്രഹങ്ങൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത വിധം കടലോരത്തെ മലയിടുക്കുകളിലും ഗുഹകളിലും ഒളിപ്പിച്ചിരിക്കുന്ന ഈ ബോട്ടുകൾ നിമിഷങ്ങൾക്കകം കടലിലിറങ്ങി വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ശേഷിയുള്ളവയാണ്.
എന്താണ് ‘മോസ്‌കിറ്റോ ഫ്‌ലീറ്റ്’?
ഇറാന്റെ ഔദ്യോഗിക നാവികസേനയിൽനിന്ന് വ്യത്യസ്തമായി ഐആർജിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗറില്ലാ നാവിക സേനയാണ് ‘മോസ്‌കിറ്റോ ഫ്‌ലീറ്റ്’. 1986-ൽ രൂപീകൃതമായ ഈ സേന, സാധാരണ വിനോദ ബോട്ടുകളിൽ റോക്കറ്റ് ലോഞ്ചറുകളും മെഷീൻ ഗണ്ണുകളും ഘടിപ്പിച്ചാണ് തുടക്കമിട്ടത്. എന്നാൽ ഇന്ന്, മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന അത്യാധുനിക ബോട്ടുകൾ ഇവരുടെ പക്കലുണ്ട്.
ചെറിയ മുങ്ങിക്കപ്പലുകളും മറൈൻ ഡ്രോണുകളും ഈ വ്യൂഹത്തിന്റെ ഭാഗമാണ്. വലിപ്പക്കുറവ് കാരണം ഇവയെ റഡാറുകളിലൂടെയോ സാറ്റലൈറ്റുകളിലൂടെയോ കണ്ടെത്തുക പ്രയാസമാണെന്ന് സൈനിക വിദഗ്ധർ വിലയിരുത്തുന്നു.
അമേരിക്കൻ പടക്കപ്പലുകളോട് നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം ‘ഹിറ്റ് ആൻഡ് റൺ’ എന്ന ഗറില്ലാ തന്ത്രമാണ് മോസ്‌കിറ്റോ ഫ്‌ലീറ്റ് പയറ്റുന്നത്. ‘ഈ ബോട്ടുകൾ ഒരു കടൽ ഗറില്ലാ സൈന്യത്തെപ്പോലെയാണ് പ്രവർത്തിക്കുന്നത്. നേരിട്ടുള്ള യുദ്ധത്തിന് പകരം അപ്രതീക്ഷിതമായ ആക്രമണങ്ങളിലൂടെ ശത്രുവിനെ തളർത്തുകയാണ് ഇവരുടെ രീതി,’ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ സയീദ് ഗോൽക്കർ ‘ന്യൂയോർക്ക് ടൈംസി’നോട് പറഞ്ഞു. നിലവിലെ യുദ്ധത്തിനിടയിൽ ഇതിനകം 20-ഓളം വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി ഇന്റർനാഷണൽ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയുടെ എഫ്-35 ജെറ്റുകളെ വരെ വെടിവെച്ചിടാൻ ശേഷിയുള്ള ഇറാന്റെ ഷാഹീദ് ഡ്രോണുകളും മിസൈലുകളും ഈ ബോട്ട് വ്യൂഹത്തിന് കരയിൽനിന്ന് പിന്തുണ നൽകുന്നുണ്ട്. ഇറാന്റെ പക്കൽ ഇത്തരത്തിലുള്ള നൂറുകണക്കിന് ബോട്ടുകൾ ഇനിയും ബാക്കിയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാന്‍റെ നാവിക കരുത്ത് തീര്‍ന്നിട്ടില്ല!
ഡൊണാൾഡ് ട്രംപും യുഎസ് പ്രതിരോധ വൃത്തങ്ങളും പൂർണമായും തകർത്തെന്ന് നിരന്തരം അവകാശപ്പെടുന്ന ഇറാനിയൻ നാവികസേനയുടെ കരുത്താണ് മോസ്‌കിറ്റോ ഫ്‌ലീറ്റ് തെളിയിക്കുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ കടൽത്തീരങ്ങളിൽ തുരന്നുണ്ടാക്കിയ 10-ഓളം രഹസ്യ താവളങ്ങളിലാണ് ഈ ഗറില്ലാ സംഘം പതിയിരിക്കുന്നത്. ഇത് യുഎസ്-ഇസ്രയേൽ നാവികസേനയ്ക്കു സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല.
ആക്രമണങ്ങളിൽ പകുതിയോളം തകർക്കപ്പെട്ടെങ്കിലും ആയിരത്തോളം ബോട്ടുകൾ ഇനിയും ഐആർജിസിയുടെ പക്കലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ വലിയ പടക്കപ്പലുകളെ ലക്ഷ്യം വെക്കാതെ വാണിജ്യ കപ്പലുകളെയും എണ്ണ ടാങ്കറുകളെയും തടസ്സപ്പെടുത്തുകയാണ് മോസ്‌കിറ്റോ ഫ്‌ലീറ്റ് ചെയ്യുന്നത്. അമേരിക്ക കൂടുതൽ സൈനിക നടപടികളിലേക്കു കടക്കുകയാണെങ്കിൽ കൂടുതൽ വിപുലമായ ആക്രമണമുറകളിലേക്കും ഇവർ കടന്നേക്കാമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കൂ എന്നായിരുന്നു ഇറാന്റെ ആദ്യ നിലപാട്. ലബനാനിൽ ട്രംപ് 10 ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാൻ ഹോർമുസ് തുറക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇറാന്റെ തുറമുഖങ്ങൾ അമേരിക്ക ഉപരോധിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ കടലിടുക്ക് തുറക്കുന്നത് അസാധ്യമാണെന്ന് ഇപ്പോൾ ഐആർജിസി കമാൻഡർമാർ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ, കഴിഞ്ഞ ദിവസം തുറന്ന ഹോർമുസ് ഇറാൻ വീണ്ടും അടച്ചിരിക്കുകയാണ്.
പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം സ്തംഭിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അമേരിക്കൻ പടക്കപ്പലുകൾ ഹോർമുസ് കടലിടുക്കിന് സമീപം റോന്തുചുറ്റുന്നത് പോലും വലിയ അപകടമാണെന്ന് വിരമിച്ച അഡ്മിറൽ ഗാരി റഗ്ഹെഡ് മുന്നറിയിപ്പ് നൽകി.
പാകിസ്താന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഈ ‘മോസ്‌കിറ്റോ’ ആക്രമണങ്ങൾ അമേരിക്കൻ ഭരണകൂടത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. യുദ്ധം ഒന്നര മാസം പിന്നിടുമ്പോഴും പശ്ചിമേഷ്യയിലെ സമുദ്രപാതകൾ സുരക്ഷിതമാക്കാൻ അമേരിക്കയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.