തകർന്ന ഇറാൻ യുദ്ധക്കപ്പലിലെ നാവികർക്ക് രക്ഷാകരം നീട്ടി ശ്രീലങ്കൻ സൈന്യം; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മാനുഷിക ഇടപെടലുമായി ലങ്ക
കൊളംബോ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിനിടെ, മാനുഷികതയുടെയും സമാധാനത്തിന്റെ കാവലാളായി ശ്രീലങ്ക. ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്കൻ അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകരുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട നാവികർക്ക് തുണയായത് ലങ്കൻ സേനയായിരുന്നു. കടലിൽ കുടുങ്ങിയ രണ്ടാമത്തെ കപ്പലിനും തുണയായി നിൽക്കുകയാണ് ഇപ്പോൾ ഈ ദ്വീപ് രാഷ്ട്രം.
അമേരിക്കൻ ടോർപ്പിഡോ പ്രഹരത്തിൽ തകർന്ന ‘ഐആർഐഎസ് ദെന’ എന്ന കപ്പലിൽനിന്ന് 32 നാവികരെ ശ്രീലങ്കൻ നാവികസേന അതിവേഗം രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവർക്ക് ഗാലെയിലെ ആശുപത്രിയിൽ കനത്ത സുരക്ഷയിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.
എൻജിൻ തകരാർ മൂലം ശ്രീലങ്കൻ സാമ്പത്തിക മേഖലയിൽ കുടുങ്ങിയ ‘ഐആർഐഎൻഎസ് ബുഷെഹ്ർ’ എന്ന രണ്ടാമത്തെ ഇറാനിയൻ കപ്പലിനും ശ്രീലങ്ക പരമാവധി സഹായങ്ങൾ നൽകിവരുന്നു. നൂറിലധികം നാവികരുള്ള ഈ കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാൻ ശ്രീലങ്കൻ അധികൃതർ നേരിട്ട് മേൽനോട്ടം വഹിക്കുന്നു.
‘യുദ്ധങ്ങളിൽ സാധാരണക്കാർ മരിക്കരുത്; ഓരോ ജീവനും നമുക്ക് സ്വന്തം ജീവൻ പോലെ വിലപ്പെട്ടതാണ്’-ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും മാനുഷിക മൂല്യങ്ങൾക്കും ജീവൻ രക്ഷിക്കുന്നതിനും മുൻഗണന നൽകുന്ന ശ്രീലങ്കയുടെ ചേരിചേരാ നയം ആഗോളതലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ നടന്ന അന്താരാഷ്ട്ര നാവിക പ്രദർശനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാൻ യുദ്ധക്കപ്പലിനു നേരെയാണു കഴിഞ്ഞ ദിവസം അമേരിക്കൻ അന്തർവാഹിനി ആക്രമണം നടത്തിയത്. മുന്നറിയിപ്പില്ലാതെ നടത്തിയ ഈ ആക്രമണത്തെ സമുദ്രത്തിലെ കൊടുംക്രൂരത എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.