‘റിയൽ മലപ്പുറം സ്റ്റോറി’; രമേശ് നമ്പ്യാർക്ക് അന്ത്യയാത്രയേകി അയൽവാസി ഹമീദിന്റെ വീട്
പെരിന്തൽമണ്ണ: വർഗീയതയുടെയും വേർതിരിവുകളുടെയും കാലത്ത് മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ മാതൃക തീർത്ത് മലപ്പുറം പെരിന്തൽമണ്ണ. അന്തരിച്ച മുൻ എം.എൽ.എ പി. ഗോവിന്ദൻ നമ്പ്യാരുടെ മകൻ രമേശ് നമ്പ്യാരുടെ (67) അന്ത്യോപചാര ചടങ്ങുകൾക്കാണ് അയൽവാസിയായ ഓട്ടോ ഡ്രൈവർ ഹമീദിന്റെ വീട് വേദിയായത്. വാടക ക്വാർട്ടേഴ്‌സിലെ സൗകര്യക്കുറവ് പരിഗണിച്ച് ഹമീദും മകൻ നിഷാമും മുന്നോട്ടുവരികയായിരുന്നു.
കഴിഞ്ഞദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് രമേശ് നമ്പ്യാർ അന്തരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വാടകവീട്ടിലെത്തിച്ചപ്പോഴാണ് സ്ഥലപരിമിതി തടസ്സമായത്. ഉടൻ തന്നെ ഹമീദ് തന്റെ വീട് വിട്ടുനൽകുകയായിരുന്നു. നിലവിളക്കിനും ചന്ദനത്തിരിക്കുമരികെ ഹമീദിന്റെ വീടിന്റെ ഉമ്മറത്ത് കിടത്തിയ മൃതദേഹത്തിൽ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകൾ അന്ത്യോപചാരമർപ്പിച്ചു.
1957-ലെ ആദ്യ ഇ.എം.എസ് സർക്കാരിൽ എം.എൽ.എയായിരുന്ന പി. ഗോവിന്ദൻ നമ്പ്യാരുടെ മകനായ രമേശ് നമ്പ്യാർ, അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. തന്റെ ശരീരം പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് വിട്ടുനൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും അപകടമരണമായതിനാൽ അത് സാധിച്ചില്ല. തുടർന്ന് പെരിന്തൽമണ്ണ നഗരസഭാ ശ്മശാനത്തിൽ സംസ്‌കാരം നടത്തി. മതം നോക്കാതെ അയൽക്കാരന് തുണയായ ഹമീദും കുടുംബവും യഥാർത്ഥ ‘മലപ്പുറം സ്റ്റോറി’ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്.