ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി
ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സിലൈ സാക്കിയും സംഘവും പാണക്കാടെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചപ്പോൾ
മലപ്പുറം: പുതുതായി ചാർജെടുത്ത ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സിലൈ സാക്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
കേരളത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും പാണക്കാട് കുടുംബത്തിനും വലിയ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് തങ്ങളെ കാണാനും സംസാരിക്കാനും ആഗ്രഹം തോന്നിയതെന്നും ഇവിടെ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും സിലൈ സാക്കി പറഞ്ഞു. മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ നാട്ടിൽ കൊണ്ടുവന്ന മാറ്റങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധകൊടുക്കുന്നു. മതേതര ജനാധിപത്യ കാഴ്ച്ചപ്പാടിലും പാർട്ടി വലിയ മൂല്യം ഉയർത്തിപ്പിടിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. ഓസ്‌ട്രേലിയയിലടക്കം രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന കെ.എം.സി.സി പ്രവാസി സമൂഹത്തിന് നല്ലതു ചെയ്യുന്നതായി അറിഞ്ഞു.
മുസ്ലിംലീഗ് വയനാട് ദുരന്ത ബാധിതകർക്ക് നിർമ്മിച്ചു നൽകിയ വീടിനെ കുറിച്ച് കേട്ടിട്ടുണ്ട്. നാളെ അവിടെ സന്ദർശിക്കണമെന്നാണ് ആഗ്രഹം. കേരളത്തിന്റെ മതസൗഹാർദത്തെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. വിദ്യാഭ്യാസ പുരോഗതിയും അഴിമതിരഹിത രാഷ്ട്രീയവുമെല്ലാം മാതൃകയാണെന്നും അവർ പറഞ്ഞു.
ഒന്നര മണിക്കൂറോളം നേതാക്കളുമായി സംസാരിച്ച സംഘം നേതാക്കൾക്ക് സമ്മാനങ്ങൾ നൽകിയാണ് മടങ്ങിയത്. സാദിഖലി തങ്ങളുടെ സ്‌നേഹ സമ്മാനം കോൺസൽ ജനറൽ ഏറ്റുവാങ്ങി. വൈസ് കൗൺസിൽ കത്രീന കനാപ്പ്, സീനിയർ അഡൈ്വസർ ജാനകി ശ്രീരാം എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ടി.പി അഷറഫലി, പി.വി അഹമ്മദ് സാജു, വി.പി ഷഫീഖ് എന്നിവരും സന്നിഹിതരായിരുന്നു.
2024 ജനുവരിയിലാണ് കോൺസൽ ജനറൽ ചാർജെടുക്കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുമായുള്ള ഓസ്‌ട്രേലിയൻ സർക്കാറിന്റെ നയതന്ത്ര, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ചുമതല ഇവർക്കാണ്. ചെന്നൈയിലെ എക്‌സ്പ്രസ് അവന്യൂവിലാണ് കോൺസുലേറ്റ് ഓഫീസ്.