‘ടോയ്‌ലറ്റിൽ പോയി വരാം’; ട്രെയിനിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു
കോഴിക്കോട്: കോഴിക്കോട്-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. ഇന്നലെ രാവിലെ 10.10-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച യാത്രയ്ക്കിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ട്രെയിനിൽ കയറിയ യുവതി, കുഞ്ഞിനെ സീറ്റിൽ കിടത്തിയ ശേഷം തൊട്ടടുത്ത യാത്രക്കാരനോട് ‘ടോയ്‌ലറ്റിൽ പോയി വരാം, ഒന്ന് നോക്കണേ’ എന്ന് പറഞ്ഞ് ഏൽപ്പിക്കുകയായിരുന്നു.
എന്നാൽ ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. അമ്മയെ കാണാതായതോടെ പരിഭ്രാന്തനായ സഹയാത്രികൻ, 10.23-ന് വണ്ടി ഫറോക്ക് സ്റ്റേഷനിൽ എത്തിയപ്പോൾ ഉടൻതന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. തുടർന്ന് റെയിൽവേ പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ തിരച്ചിലിൽ യുവതിയെ പോലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ സുരക്ഷിതമായി ഒരാളെ ഏൽപ്പിച്ചു എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. യുവതിക്ക് മാനസികാസ്വസ്ഥ്യമുള്ളതായി സംശയമുണ്ടെന്നും മുൻപും സമാനമായ രീതിയിൽ ഇവർ പെരുമാറിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നിലവിൽ കുഞ്ഞിനെ ‘ഹോംലി ഹോം’ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ശിശുക്ഷേമ സമിതിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ കുട്ടിയെ തിരികെ അമ്മയ്ക്ക് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.