ചെങ്കടലിൽ കപ്പൽ മുക്കിയ ഹൂത്തികൾ എവിടെ? ഇറാനൊപ്പം ചേരാത്തത് എന്തുകൊണ്ട്?
സൻആ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്തുമ്പോൾ, ഇറാന്റെ സഖ്യകക്ഷികളായ യമനിലെ ഹൂത്തികൾ ഇതുവരെ നേരിട്ടുള്ള യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കുന്നത് അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ കൗതുകത്തിനിടയാക്കിയിട്ടുണ്ട്. ഹൂത്തികളുടേത് തന്ത്രപരമായ മൗനമാണെന്നും തിരശ്ശീലയ്ക്കു പിന്നിൽ വലിയ മുന്നൊരുക്കങ്ങളാണു നടക്കുന്നതെന്നുമുള്ള വിലയിരുത്തൽ ഒരു ഭാഗത്തുണ്ട്. എന്നാൽ, കഴിഞ്ഞ വർഷത്തെ കൈപ്പേറിയ അനുഭവങ്ങളുടെയും നിലവിലെ സാമ്പത്തിക കണക്കുകൂട്ടലുകളുടെയും ഫലമാണ് ഇത്തരമൊരു നിലപാടെന്നും നിരീക്ഷിക്കുന്നവരുണ്ട്. എന്നാൽ, എന്തായിരിക്കും ശരിക്കും ഹൂത്തികളുടെ ഈ നിശബ്ദതയ്ക്കു പിന്നിലെന്നു നമുക്കൊന്ന് പരിശോധിച്ചുനോക്കാം..
ആദ്യമായി പറയേണ്ട ഒരു കാര്യം, കഴിഞ്ഞ വർഷം മാർച്ച് മുതൽ മെയ് വരെ ഹൂത്തികൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ‘ഓപറേഷൻ റഫ് റൈഡറി’ന്റെ കാര്യമാണ്. ഗസ്സ യുദ്ധത്തെ തുടർന്ന് ഇസ്രയേലിനു നിരന്തരം തലവേദന സൃഷ്ടിച്ച ഹൂത്തികളെ, പ്രത്യേകിച്ചും ചെങ്കടൽ അടക്കിവാണ യമൻ വിമതസംഘത്തെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ ഓപറേഷൻ. അതിശക്തമായ സൈനിക നീക്കം തന്നെയായിരുന്നു അതെങ്കിലും വലിയ തിരിച്ചടിയായിരുന്നു ഫലം. അതിനുമുൻപ് അമേരിക്കയും ബ്രിട്ടനും സംയുക്തമായി ചെങ്കടലിൽ ഹൂത്തികൾക്കെതിരെ പ്രഖ്യാപിച്ച ഓപറേഷനും പരാജയപ്പെട്ട അനുഭവം മുന്നിലുണ്ട്. ഹൂത്തി കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയിട്ടും ഹൂത്തികളുടെ മിസൈൽ ശേഷി തകർക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല.
ഒടുവിൽ, നൂറുകോടി ഡോളറിലധികം ചെലവാക്കിയിട്ടും ഫലമില്ലാതെ വന്നതോടെ ഒമാന്റെ മധ്യസ്ഥതയിൽ 2025 മെയ് ആറിന് ട്രംപ് ഹൂത്തികളുമായി വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു പിന്മാറേണ്ടിവന്നു. കരാർ പ്രകാരം അമേരിക്കൻ കപ്പലുകളെ ആക്രമിക്കുന്നത് ഹൂത്തികൾ നിർത്തിവെച്ചു. ട്രംപ് ഇതിനെ വിജയമെന്ന് വിശേഷിപ്പിച്ചെങ്കിലും, ഹൂത്തികളുടെ സൈനിക ശേഷിക്ക് മുന്നിൽ അമേരിക്ക പരാജയപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അങ്ങനെയൊരു ഹൂത്തികൾ എന്തുകൊണ്ട്, ഇത്രയും നിർണായകമായൊരു ഘട്ടത്തിൽ, തങ്ങളുടെ ഏറ്റവും വലിയ രക്ഷാകർത്താക്കൾ പ്രതിസന്ധിയിലാകുമ്പോൾ മൗനത്തിലാണ്ടുകിടക്കുന്നു എന്നതു തന്നെയാണു പ്രസക്തമായ ചോദ്യം. ഇതിനു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്ന രണ്ടുമൂന്ന് കാരണങ്ങളുണ്ട്.
ഒന്നാമതായി, ഇതൊരു തന്ത്രപരമായ പിന്നോട്ടുവലിയലാണെന്നതാണ്. അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം, ഹൂത്തികൾ ഇപ്പോൾ പുലർത്തുന്ന സംയമനം യുദ്ധത്തിന്റെ ഗതി നിരീക്ഷിക്കാനുള്ള സമയമെടുക്കൽ മാത്രമാണ്. ഇറാൻ പൂർണമായും പരാജയപ്പെടുകയോ പ്രതിസന്ധിയിലാകുകയോ ചെയ്യുന്ന സാഹചര്യം വന്നാൽ മാത്രമേ ഇടപെടുക എന്നൊരു തന്ത്രമായിരിക്കും അവർ മുന്നിൽകാണുന്നത്.
ഒരുപക്ഷേ, ഇറാനും അത്തരമൊരു സന്ദേശം ഹൂത്തി നേതാക്കൾക്ക് കൈമാറിയിട്ടുണ്ടാകണം. പ്രത്യേകിച്ചും, ലബനാനിലെ നിഴൽസഖ്യമായ ഹിസ്ബുല്ല ഇസ്രയേലിനെതിരെ ഇടവേളയ്ക്കുശേഷം ആക്രമണം പുനരാരംഭിച്ച ഘട്ടത്തിൽ. ചെറുസംഘങ്ങളായതു കൊണ്ടുതന്നെ ഇസ്രയേലും അമേരിക്കയും ശക്തമായി തിരിച്ചടിക്കാനിടയുള്ളതിനാൽ അവരെ ആത്മഹത്യയ്ക്ക് ഇട്ടുകൊടുക്കേണ്ടെന്ന നിലപാട് ഇറാനും സ്വീകരിക്കാനിടയുണ്ട്. ഇതോടൊപ്പം, അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനാൽ അത് ലംഘിച്ച് വീണ്ടും ആക്രമണത്തിന് മുതിരുന്നത് ഗുണകരമാകില്ലെന്ന് ഹൂത്തി നേതൃത്വവും കരുതുന്നു.
മറ്റൊന്ന് ചെങ്കടലിലെ നിയന്ത്രണമാണ്. അമേരിക്കൻ കപ്പലുകളെ ആക്രമിക്കില്ലെന്ന് കരാറുണ്ടെങ്കിലും, ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്കെതിരെ തങ്ങൾ ആക്രമണം തുടരുമെന്ന് ഹൂത്തികൾ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്കടലിലെ ചരക്കുനീക്കം തടയുക എന്നതാണ് ഹൂത്തികളുടെ കയ്യിലുള്ള ഏറ്റവും വലിയ ആയുധം. അപ്പുറത്ത് ഹോർമുസ് ഇറാൻ അടച്ചുപൂട്ടുന്നതിനൊപ്പം, ബാബ് അൽ മന്ദബ് കടലിടുക്ക് ഹൂത്തികൾ കൂടി അടച്ചാൽ അത് ലോക സമ്പദ്വ്യവസ്ഥയെ തന്നെ തകർക്കും. അവസാനമായി അത്തരമൊരു ആയുധം ഇറക്കുക എന്ന പദ്ധതിയും ഇറാനും ഹൂത്തികളും മുന്നിൽ കാണുന്നുണ്ടാകും.
എന്നാൽ, മൂന്നാമതായി ഒരു അതിജീവന പ്രശ്‌നം കൂടി നിലനിൽക്കുന്നുണ്ട്. ഹൂത്തികളുടെ ഇപ്പോഴത്തെ മുൻഗണന ഇറാന്റെ സംരക്ഷണമല്ല, മറിച്ച് യമനിൽ തങ്ങൾ കൈവരിച്ച അധികാരം നിലനിർത്തുക എന്നതാണെന്നാണ് ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് പഠനം നിരീക്ഷിക്കുന്നത്. വർഷങ്ങളായി തുടരുന്ന ഉപരോധങ്ങളും അമേരിക്കൻ-ബ്രിട്ടീഷ് സഖ്യത്തിന്റെ മുൻപത്തെ വ്യോമാക്രമണങ്ങളും യമനിലെ സമ്പദ്വ്യവസ്ഥയെ തകർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയൊരു യുദ്ധം കൂടി ഏറ്റെടുക്കുന്നത് തങ്ങളുടെ ഭരണകൂടത്തെ തന്നെ അപകടത്തിലാക്കുമെന്ന് അവർ ഭയപ്പെടുന്നു. ഇതോടൊപ്പം വലിയ സാമ്പത്തി ഞെരുക്കം കാരണം ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധത്തിനിടയാക്കാൻ സാധ്യതയുണ്ടെന്ന മുൻകരുതലും യമൻ സംഘം സ്വീകരിക്കുന്നുണ്ടെന്നാണ് മറ്റൊരു വിലയിരുത്തൽ.
ഏതായാലും, ഹൂത്തി നേതാവ് അബ്ദുൽ മാലിക് അൽ ഹൂത്തി തന്റെ പ്രസംഗങ്ങളിലെല്ലാം പൂർണ ഇറാന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സൈനികമായ നീക്കങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. ‘വിരൽ ട്രിഗറിലാണ്’ എന്ന് അവർ ആവർത്തിക്കുന്നുണ്ടെങ്കിലും, എപ്പോൾ അത് അമർത്തണം എന്ന കാര്യത്തിൽ ഹൂത്തികൾ അതീവ ജാഗ്രത പുലർത്തുകയാണെന്നു വേണം കരുതാൻ.