ലഖ്നൗ:ഗംഗാ നദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയും മാംസാഹാരാവശിഷ്ടങ്ങൾ നദിയിലേക്ക് എറിയുകയും ചെയ്ത 14 പേരെ വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. പവിത്രമായ ഗംഗാനദിയെ അനാദരിക്കുകയും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നോമ്പുതുറയുടെ ഭാഗമായി ബോട്ടിലിരുന്ന് മാംസാഹാരം കഴിക്കുന്നതും, അതിന്റെ അവശിഷ്ടങ്ങളും എല്ലുകളും നദിയിലേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനെതിരെ ബിജെപി വാരണാസി സിറ്റി പ്രസിഡന്റ് രജത് ജയ്സ്വാൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കർശനമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് വാരണാസി പോലീസ് അറിയിച്ചു. അതേസമയം, ഇഫ്താർ പാർട്ടിക്ക് ബോട്ട് വാടകയ്ക്ക് നൽകിയ ഉടമയ്ക്കെതിരെയും നടപടി വേണമെന്ന് പ്രാദേശിക ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.