കോതമംഗലത്ത് രണ്ടു ലക്ഷത്തിന്റെ രാസലഹരിയുമായി 18കാരിയും യുവാവും എക്സൈസ് പിടിയിൽ
കോതമംഗലം: നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന രാസലഹരിയുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി. ഇടുക്കി ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് 37.229 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘം ലോഡ്ജ് മുറിയിൽ നിന്ന് പിടികൂടിയത്. ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പ്രതികൾ ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവിൽ നിന്ന് ബസ് മാർഗ്ഗം പെരുമ്പാവൂരിലെത്തിയ റിസാനയെ അനന്തു ബൈക്കിൽ കോതമംഗലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും, പിന്നീട് കോഴിപ്പിള്ളിയിലെ ലോഡ്ജിൽ വെച്ച് എക്സൈസ് സംഘം ഇവരെ വലയിലാക്കി. ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിയായ റിസാന കോതമംഗലത്തെ സ്വകാര്യ കോളേജിൽ പഠനത്തിനെത്തിയതായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുൻപ് പഠനം ഉപേക്ഷിച്ച് ലഹരി മാഫിയയുടെ ഭാഗമാവുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മേഖലയിൽ ലഹരി വിരുദ്ധ പരിശോധനകൾ വരും ദിവസങ്ങളിലും കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.