തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ച് രോഗികൾ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ വെൻ്റിലേറ്ററിന് തീപിടിച്ച സംഭവത്തിന് പിന്നാലെ ചികിത്സയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചു. ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരണങ്ങൾ സംഭവിച്ചത്. നെയ്യാറ്റിൻകര സ്വദേശി സനീഷ് (38), ആയൂർ സ്വദേശി കൃഷ്ണൻകുട്ടി, അബ്ദുൾ റഹീം, ചിറയിൻകീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ചത്.
തീപിടിത്തമുണ്ടായ ഉടൻ രോഗികളെ സുരക്ഷിതമായി മാറ്റിയെന്നും എല്ലാവരും അപകടനില തരണം ചെയ്തുവെന്നുമാണ് ആശുപത്രി അധികൃതർ ആദ്യം വിശദീകരിച്ചിരുന്നത്. എന്നാൽ, തീപടർന്ന വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന സനീഷ് ഉൾപ്പെടെയുള്ളവർ മരണപ്പെട്ടതോടെ ബന്ധുക്കൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വെൻ്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ പെട്ടെന്ന് മാറ്റിയതാണ് മരണകാരണമെന്ന് സനീഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.
ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സനീഷ് ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മറ്റ് നാലുപേരും വിവിധ വാഹനാപകടങ്ങളിൽ പരുക്കേറ്റ് ഐസിയുവിൽ കഴിയുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി മരിച്ചവരുടെ കുടുംബാംഗങ്ങൾ രംഗത്തുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.