05/09/2026
[fontresizer_tawhidurrahmandear_widget]

‘സിഎമ്മേ ഒരു ചോദ്യം’; വീട്ടില്‍ പോയി ചോദിക്കെന്ന് മുഖ്യമന്ത്രി; പിണറായിയുടെ പ്രതികരണത്തില്‍ വിഷമമില്ലെന്ന് ദാസ് പി ജോര്‍ജ്

 ‘സിഎമ്മേ ഒരു ചോദ്യം’; വീട്ടില്‍ പോയി ചോദിക്കെന്ന് മുഖ്യമന്ത്രി; പിണറായിയുടെ പ്രതികരണത്തില്‍ വിഷമമില്ലെന്ന് ദാസ് പി ജോര്‍ജ്

കോന്നി: തെരഞ്ഞെടുപ്പ് കൺവെൻഷനിടെ പ്രസംഗം തടസ്സപ്പെടുത്തി ചോദ്യം ചോദിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകനോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം. അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ് കോന്നി അട്ടച്ചാക്കൽ സ്വദേശി ദാസ് പി ജോർജ് ‘സിഎമ്മേ ഒരു ചോദ്യം’ എന്ന് വിളിച്ച് ചോദിച്ചത്.

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശാനുസരണം പൊലീസ് ഇദ്ദേഹത്തെ വേദിക്ക് സമീപത്തുനിന്നും മാറ്റി. എന്നാൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ തനിക്ക് വിഷമമില്ലെന്ന് ദാസ് പി ജോർജ് പിന്നീട് വ്യക്തമാക്കി. പ്രസംഗത്തിനിടെ ചോദ്യമുന്നയിച്ചത് തെറ്റായിപ്പോയെന്നും പ്രസംഗം തടസ്സപ്പെട്ടതിനാലാകാം മുഖ്യമന്ത്രി അത്തരത്തിൽ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഫണ്ടിനെക്കുറിച്ച് ചോദിക്കാനാണ് താൻ ശ്രമിച്ചതെന്നും താനൊരു അടിയുറച്ച പാർട്ടിക്കാരനാണെന്നും ദാസ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയുടെ പ്രയോഗങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെ അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന്റെ നിലപാടിനെ ‘ചെറ്റത്തരം’ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ജി സുധാകരൻ കാണിച്ച വഞ്ചനയ്ക്ക് തന്റെ നിഘണ്ടുവിൽ മറ്റ് വാക്കുകളില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുധാകരൻ തിരിച്ചടിച്ചത്. മുഖ്യമന്ത്രിയുടേത് ഭരണഘടനാ വിരുദ്ധമായ പ്രയോഗങ്ങളാണെന്നും സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. ബിഷപ്പിനെ ‘നികൃഷ്ട ജീവി’ എന്നും പ്രേമചന്ദ്രനെ ‘പരനാറി’ എന്നും വിളിച്ച പഴയ പ്രയോഗങ്ങൾ കൂടി പരാമർശിച്ചായിരുന്നു സുധാകരന്റെ കടന്നാക്രമണം.

Also read: