കർണാടകയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഇനി ബാലറ്റ് പേപ്പറിലൂടെ; നിയമസഭയിൽ ബിൽ പാസായി; പകർപ്പ് കീറിയെറിഞ്ഞ് ബിജെപി പ്രതിഷേധം
ബെംഗളൂരു: കർണാടകയിലെ ഗ്രാമപഞ്ചായത്ത്, താലൂക്ക്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാനുള്ള സുപ്രധാന ബിൽ നിയമസഭ പാസാക്കി. ബിജെപി-ജെഡിഎസ് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ ‘കർണാടക ഗ്രാമ സ്വരാജ്, പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ 2026’ ആണ് ശബ്ദവോട്ടോടെ സഭ അംഗീകരിച്ചത്.
ഇവിഎമ്മുകളുടെ വിശ്വാസ്യതയിൽ പൊതുജനങ്ങൾക്കിടയിൽ സംശയമുണ്ടെന്നും സുതാര്യത ഉറപ്പാക്കാനാണ് മാറ്റമെന്നും സർക്കാർ വാദിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇപ്പോഴും തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും വോട്ടിങ് പ്രക്രിയയിലെ വിശ്വാസക്കുറവ് പരിഹരിക്കാനാണ് ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സർക്കാരിന്റേത് പിന്തിരിപ്പൻ നടപടിയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. മാറ്റം തെരഞ്ഞെടുപ്പ് സംവിധാനത്തെ ശിലായുഗത്തിലേക്ക് കൊണ്ടുപോകുമെന്നും വോട്ടിങ്ങിൽ കൃത്രിമം കാണിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും പ്രതിപക്ഷ നേതാവ് ആർ അശോക ആരോപിച്ചു. പ്രതിഷേധസൂചകമായി അശോക ബില്ലിന്റെ പകർപ്പ് സഭയിൽ കീറിയെറിഞ്ഞു.
പുതിയ ബിൽ നിയമമാകുന്നതോടെ, തദ്ദേശ തെരഞ്ഞെടുപ്പുകൾക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തമായി വോട്ടർ പട്ടിക തയ്യാറാക്കും. നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇവിഎമ്മിലൂടെ വിജയിച്ച കോൺഗ്രസ് ഇപ്പോൾ മെഷീനെ കുറ്റപ്പെടുത്തുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി കുറ്റപ്പെടുത്തി.