ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകളിൽ ഒളിച്ച് താമസിക്കുന്ന യുഎസ് സൈനികരെ ആക്രമിക്കും;മുന്നറിയിപ്പുമായി ഇറാൻ
തെഹ്റാൻ: ഇസ്രയേലും അമേരിക്കയുമായി നിലനിൽക്കുന്ന കടുത്ത യുദ്ധസാഹചര്യത്തിനിടെ മേഖലയിലെ സാധാരണക്കാർക്ക് മുന്നറിയിപ്പുമായി ഇറാൻ. പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്നും സൈനികർ ഒളിച്ച് താമസിക്കുന്ന ഇടങ്ങളിൽ നിന്നും സാധാരണക്കാർ വിട്ടുനിൽക്കണമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ആവശ്യപ്പെട്ടു. അമേരിക്കൻ സൈനികർ താവളങ്ങൾ ഉപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിലെ സാധാരണ ഹോട്ടലുകളിലും ഓഫീസുകളിലും അഭയം പ്രാപിക്കുന്നുണ്ടെന്നും അത്തരം സ്ഥലങ്ങൾ ഇനി മുതൽ ഇറാന്റെ സൈനിക ലക്ഷ്യങ്ങളായിരിക്കുമെന്നും ഔദ്യോഗിക വക്താക്കൾ വ്യക്തമാക്കി.
അമേരിക്കൻ സൈനികർ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരെ ‘മനുഷ്യ കവചങ്ങളായി’ ഉപയോഗിക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. അമേരിക്കൻ സൈനികർ തങ്ങുന്ന ഹോട്ടലുകൾ അവരുടെ ഉടമസ്ഥതയിലുള്ള ഇടങ്ങളായി പരിഗണിച്ച് ആക്രമണം നടത്താനാണ് ഇറാന്റെ നീക്കം. ‘അമേരിക്കൻ സൈനികർ ഒരു ഹോട്ടലിൽ പ്രവേശിക്കുന്ന നിമിഷം മുതൽ ആ ഹോട്ടൽ ഞങ്ങളുടെ ശത്രുപക്ഷത്തുള്ള ഒന്നായി മാറും’ എന്നാണ് ഇറാന്റെ സായുധ സേനാ വക്താവ് അബോൾഫസൽ ഷെകാർച്ചി പറഞ്ഞത്. തങ്ങളുടെ ശത്രുക്കൾക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മേഖലയിലെ ഹോട്ടലുകൾക്കും രാജ്യങ്ങൾക്കും ഇറാൻ കർശന മുന്നറിയിപ്പ് നൽകി.
അതേസമയം, യുഎസ്എസ് ഫോർഡിനും എബ്രഹാം ലിങ്കണും പിന്നാലെ മേഖലയിലെ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരികയാണ്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക നീക്കങ്ങളെ പ്രതിരോധിക്കാൻ ഏത് തരം ആക്രമണത്തിനും തങ്ങൾ തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്. ഈ സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ പ്രധാന നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷം കൂടുതൽ ജനവാസ മേഖലകളിലേക്ക് പടരുമെന്ന ഭീതിയിലാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹം.