03/04/2026
[fontresizer_tawhidurrahmandear_widget]

വയനാട് ടൗൺഷിപ്പ്: തൊഴിലാളികൾ കുറഞ്ഞു, സാമഗ്രികളില്ല;  ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ ദുരന്തബാധിതർ

 വയനാട് ടൗൺഷിപ്പ്: തൊഴിലാളികൾ കുറഞ്ഞു, സാമഗ്രികളില്ല;  ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ ദുരന്തബാധിതർ

കൽപ്പറ്റ: വലിയ ആഘോഷങ്ങളോടെ ഉദ്ഘാടനം കഴിഞ്ഞ വയനാട് പുനരധിവാസ ടൗൺഷിപ്പിന്റെ നിർമ്മാണം ഇഴയുന്നതായി പരാതി. മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ഒന്നിന് ടൗൺഷിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചെങ്കിലും, ഒരു മാസം പിന്നിടുമ്പോഴും ദുരന്തബാധിതർക്ക് വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഏപ്രിലോടെ എല്ലാ കുടുംബങ്ങൾക്കും താമസമൊരുക്കുമെന്ന സർക്കാർ വാഗ്ദാനം ഇതോടെ അനിശ്ചിതത്വത്തിലായി.

ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് വീട് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, കൈമാറിയ വീടുകളിൽ പോലും പണികൾ പൂർത്തിയായിട്ടില്ല. നിർമ്മാണ വേഗത കുറഞ്ഞത് ദുരന്തബാധിതരെ കടുത്ത ആശങ്കയിലാക്കുന്നു. ഉദ്ഘാടന സമയത്ത് ഏകദേശം 2,300 തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് കാരണം ഉപകരാർ എടുത്ത കമ്പനികളും പ്രതിസന്ധിയിലാണ്.

മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ കുടുംബങ്ങളുടെ താമസം ഇനിയും നീളാൻ സാധ്യതയുണ്ട്. പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും എന്ന് പൂർത്തിയാകും എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്വന്തം മണ്ണും വീടും നഷ്ടപ്പെട്ട ദുരന്തബാധിതർ താൽക്കാലിക താമസയിടങ്ങളിൽ ദുരിതം തുടരുകയാണ്.

Also read: