‘കേരളത്തിൽ ബിജെപി സർക്കാർ വരും; എ ടീം ഞങ്ങൾ മാത്രം, എൽഡിഎഫ് – യുഡിഎഫ് അഴിമതികൾക്ക് അന്ത്യം’- നരേന്ദ്ര മോദി
പാലക്കാട്: കേരളത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമെന്നും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ട മൈതാനിയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫും യുഡിഎഫും പരസ്പരം ‘ബി ടീം’ എന്ന് വിളിക്കുമ്പോൾ, കേരളത്തിലെ ഏക ‘എ ടീം’ ബിജെപിയാണെന്ന് ജനങ്ങൾക്കറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയാണ് മോദി പ്രസംഗിച്ചത്. കഴിഞ്ഞ പത്തു വർഷമായി യുവാക്കൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനം പോലും ഇവിടെ തുടങ്ങിയിട്ടില്ല. അഞ്ച് ലക്ഷം കോടിയിലധികം രൂപയുടെ കടക്കെണിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ട ഇടത്-വലത് മുന്നണികൾ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് നോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം ദശാബ്ദങ്ങളായി കാണുന്ന എൽ.ഡി.എഫ് – യു.ഡി.എഫ് അഴിമതികൾക്ക് അന്ത്യം കുറിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ബിജെപി അധികാരത്തിൽ വരുന്ന പക്ഷം ഇരുമുന്നണികളുടെയും കാലത്തുണ്ടായ എല്ലാ സാമ്പത്തിക കുംഭകോണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കടക്കെണിയിലാക്കിയ ഇടത്-വലത് വഞ്ചനയ്ക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാടിന്റെ പൈതൃകത്തെയും കൽപ്പാത്തി ക്ഷേത്രത്തെയും വണങ്ങിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ സ്മരണകൾ പുതുക്കിയ അദ്ദേഹം, കേരളത്തിന്റെ സാംസ്കാരിക തനിമ സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു.