വിവാഹമോചനം ആഘോഷമാക്കി യുവാവ്; ഒൻപത് കിലോമീറ്റർ ശയനപ്രദക്ഷിണം നടത്തി വഴിപാട്
ലഖ്‌നൗ: ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിച്ചതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷിച്ച് ഉത്തർപ്രദേശിലെ ബസ്തി സ്വദേശിയായ യുവാവ്. വിവാഹമോചനം ലഭിച്ചതിനെ തുടർന്ന് ഒൻപത് കിലോമീറ്റർ ദൂരമാണ് യോഗേഷ് എന്ന യുവാവ് ദണ്ഡവത് യാത്ര (നിലത്ത് കിടന്ന് ഉരുളുന്ന വഴിപാട്) നടത്തിയത്. സോൻഹ പോലീസ് സ്റ്റേഷൻ പരിധിയിലെ യോഗേഷിന്റെ ഈ അസാധാരണ നടപടി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
രണ്ട് വർഷം മുൻപായിരുന്നു യോഗേഷിന്റെ വിവാഹം. എന്നാൽ തുടക്കം മുതൽ തന്നെ ദമ്പതികൾക്കിടയിൽ കടുത്ത തർക്കങ്ങളും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. നിരന്തരമായ കലഹങ്ങൾ യോഗേഷിന്റെ മാനസികാരോഗ്യത്തെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് തനിക്ക് വിവാഹമോചനം ലഭിച്ചാൽ ഗ്രാമത്തിൽ നിന്ന് ഭാൻപൂരിലെ പ്രശസ്തമായ ബദ്‌വാ മാതാ ക്ഷേത്രം വരെ ദണ്ഡവത് യാത്ര നടത്തുമെന്ന് അദ്ദേഹം നേർച്ച നേർന്നത്.
കഴിഞ്ഞ ദിവസം നിയമപരമായി വിവാഹമോചനം ലഭിച്ചതോടെ യോഗേഷ് തന്റെ പ്രതിജ്ഞ നിറവേറ്റാൻ തീരുമാനിക്കുകയായിരുന്നു. ഒരു ദിവസം മുഴുവൻ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചായിരുന്നു ഒൻപത് കിലോമീറ്റർ നീണ്ട കഠിനമായ യാത്ര. മാതാപിതാക്കളും ഏതാനും നാട്ടുകാരും ഭക്തിഗാനങ്ങൾ ആലപിച്ച് യോഗേഷിനെ അനുഗമിച്ചു.
വൈകുന്നേരം ആറ് മണിയോടെ ക്ഷേത്രത്തിലെത്തിയപ്പോൾ യോഗേഷിന്റെ കാൽമുട്ടുകൾ പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. ശാരീരികമായി വളരെയധികം തളർന്നെങ്കിലും, ദൗത്യം പൂർത്തിയാക്കിയതിൽ അദ്ദേഹം വലിയ മാനസികാശ്വാസം പ്രകടിപ്പിച്ചു.