ബാലിയിലെ ആഡംബര ഹോട്ടലിൽ നിന്ന് ഹെയർ ഡ്രയറും ടവലുമായി കടക്കാൻ ശ്രമം; ഇന്ത്യൻ ടൂറിസ്റ്റുകൾ പിടിയിൽ
ബാലി: വിദേശയാത്രകളിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ ലംഘിച്ച് ഇൻഡോനേഷ്യയിലെ ബാലിയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ രാജ്യത്തിന് നാണക്കേടുണ്ടാക്കി. ഉബുദിലെ ആഡംബര റിസോർട്ടിൽ നിന്നും ഹെയർ ഡ്രയറും ടവലുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച ഒരു സംഘം ഇന്ത്യൻ സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ കൈയ്യോടെ പിടികൂടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
2026 ഏപ്രിൽ 19-ന് അസ്വര റിസോർട്ട് ഉബുദിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഏപ്രിൽ 16-ന് റിസോർട്ടിൽ എത്തിയ നാലംഗ ഇന്ത്യൻ സംഘം ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് മുറിയിൽ പരിശോധന നടത്തിയ ജീവനക്കാർ ചില സാധനങ്ങൾ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് സഞ്ചാരികളുടെ ലഗേജുകൾ പരിശോധിക്കാൻ ജീവനക്കാർ തീരുമാനിച്ചു. പരിശോധനയിൽ വിനോദസഞ്ചാരികളുടെ ബാഗുകളിൽ നിന്ന് ഹെയർ ഡ്രയർ, ടിവി റിമോട്ട് ബോക്സ്, ബാത്ത് ടവലുകൾ, പൂൾ ടവലുകൾ, കിമോണോ വസ്ത്രങ്ങൾ, ഡോർമാറ്റ്, ഡൈനിങ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
തരുൺ ഗൗതം എന്ന വ്യക്തി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. വിദേശരാജ്യങ്ങളിൽ പോയി ഇത്തരത്തിൽ പെരുമാറുന്നത് രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന് നിരവധി പേർ കമന്റ് ചെയ്തു. ലക്ഷങ്ങൾ മുടക്കി വിദേശയാത്ര നടത്തുന്നവർക്ക് ഏതാനും ആയിരങ്ങൾ മാത്രം വിലമതിക്കുന്ന ടവലോ സ്പൂണോ വാങ്ങാൻ കഴിയില്ലേ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ചോദ്യം. ഇത്തരം പ്രവർത്തികൾ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ആഗോളതലത്തിൽ ചീത്തപ്പേരുണ്ടാക്കാൻ കാരണമാകുന്നുവെന്നും വിമർശനമുണ്ട്.
സംഭവം ഗൗരവകരമാണെങ്കിലും പോലീസ് കേസ് നടപടികളിലേക്ക് കടന്നില്ല. മോഷ്ടിച്ച സാധനങ്ങൾ മുഴുവൻ തിരികെ നൽകിയതിനെ തുടർന്ന് പരസ്പര ധാരണയിൽ പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്ന് പ്രാദേശിക പോലീസ് അറിയിച്ചു. ഹോട്ടലുകളിൽ നിന്ന് കോംപ്ലിമെന്ററിയായി ലഭിക്കുന്ന ചെറിയ ടോയിലറ്ററികൾ അല്ലാതെ മറ്റൊന്നും അതിഥികൾക്ക് സ്വന്തമാക്കാൻ അനുവാദമില്ലെന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്. ഇത്തരം നടപടികൾ നിരുത്സാഹപ്പെടുത്താൻ കനത്ത പിഴ ചുമത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.