ഇസ്രയേൽ സൈന്യത്തിന്റെ തന്ത്രപ്രധാന ഡ്രോൺ പ്ലാന്റ് തകർത്ത് ഇറാൻ
തെല്‍ അവീവ്: ഇസ്രയേലിന്റെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ ഇറാന്റെ വൻ ആക്രമണം. കഴിഞ്ഞ ദിവസം തെൽ അവീവിലെ പെറ്റ ടിക്വയിൽ നടന്ന മിസൈൽ വർഷത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രോൺ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ഏറോസെന്റിനൽ പ്ലാന്റ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ച് തകർന്നതായി ‘ജെറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ പ്ലാന്റിന്റെ ഭൂരിഭാഗവും തകർന്നതായും ഉൽപ്പാദന സംവിധാനങ്ങൾ പൂർണമായും നിലച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേൽ സൈന്യത്തിന് (ഐഡിഎഫ്) ആവശ്യമായ നിരീക്ഷണ ഡ്രോണുകളും ചാരവിമാനങ്ങളും നിർമിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കേന്ദ്രമാണിത്.
ഇസ്രയേലിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചത്. തെൽ അവീവിലെ പെറ്റ ടിക്വ മേഖലയിലുണ്ടായ മിസൈൽ വർഷത്തിന് പിന്നാലെയാണ് ഏറോസെന്റിനൽ പ്ലാന്റിലെ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നഗരത്തെ വിറപ്പിച്ച സ്‌ഫോടന പരമ്പരകളിൽ ഒന്ന് ഈ നിർമാണ കേന്ദ്രത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറാന്റെ മിസൈൽ ശേഖരം അവസാനിച്ചുവെന്നും അവരുടെ സൈനിക ശേഷി തകർത്തുവെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ആക്രമണം. ഇസ്രയേലിന്റെ ഡ്രോൺ സാങ്കേതികവിദ്യയുടെ നട്ടെല്ലായ ഒരു സ്ഥാപനം ആക്രമിക്കപ്പെട്ടത് വരും ദിവസങ്ങളിൽ ഇസ്രയേലിന്റെ നിരീക്ഷണ പ്രവർത്തനങ്ങളെയും സൈനിക നീക്കങ്ങളെയും ബാധിക്കാനിടയുണ്ട്.
മൊസാദ് ആസ്ഥാനം തകർത്തതിന് പിന്നാലെ ഇസ്രയേലിന്റെ സൈനിക-സാങ്കേതിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ‘പ്രിസിഷൻ സ്‌ട്രൈക്കുകൾ’ തുടരുമെന്ന് ഇറാന്റെ തസ്‌നിം ന്യൂസ് ഏജൻസി വ്യക്തമാക്കിയിരുന്നു. ഏറോസെന്റിനൽ പ്ലാന്റിന് നേരെയുള്ള ആക്രമണം ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ പ്ലാന്റിലെ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.