06/04/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസിൽ ചുങ്കം പിരിക്കാൻ ഇറാൻ; അമേരിക്കയ്ക്കും ഇസ്രയേലിനും കടുത്ത നിയന്ത്രണം, ‘പുതിയ സുരക്ഷാ നയം’ പ്രഖ്യാപിച്ച് ഐആർജിസി

 ഹോർമുസിൽ ചുങ്കം പിരിക്കാൻ ഇറാൻ; അമേരിക്കയ്ക്കും ഇസ്രയേലിനും കടുത്ത നിയന്ത്രണം, ‘പുതിയ സുരക്ഷാ നയം’ പ്രഖ്യാപിച്ച് ഐആർജിസി

തെഹ്‌റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലെ സാഹചര്യം ഇനി ഒരിക്കലും പഴയ നിലയിലേക്ക് മടങ്ങില്ലെന്നും മേഖലയിൽ പുതിയൊരു പ്രാദേശിക സുരക്ഷാ സംവിധാനം നിലവിൽ വന്നതായും ഐആർജിസി നേവി കമാൻഡർ അലിരേസ തങ്‌സിരി വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം.

മേഖലയിലെ സുരക്ഷ അയൽരാജ്യങ്ങൾ ചേർന്ന് ഉറപ്പാക്കുമെന്നും വിദേശ ശക്തികളുടെ സാന്നിധ്യം ഇനി അനുവദിക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്. പശ്ചിമേഷ്യയിലെ സുരക്ഷാ ചുമതല ഇറാൻ ഉൾപ്പെടെയുള്ള പ്രാദേശിക രാജ്യങ്ങൾക്കായിരിക്കുമെന്നും അമേരിക്കൻ നാവികസേനയുടെ സാന്നിധ്യം സംഘർഷം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും നാവികസേനയുടെ കരുത്തും ഇറാൻ വർദ്ധിപ്പിച്ചു കഴിഞ്ഞു. കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ഇറാന്റെ അവകാശം അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമാണെന്നും തങ്‌സിരി അവകാശപ്പെട്ടു.

കപ്പൽ ഗതാഗതത്തിന് ഇറാൻ പുതിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉപരോധം ഏർപ്പെടുത്താത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്നുകൊടുക്കുമ്പോൾ തന്നെ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായും അവരുടെ സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകൾക്ക് കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകളിൽ നിന്ന് പ്രത്യേക ചുങ്കം ഈടാക്കാനും ഇറാൻ നീക്കം നടത്തുന്നുണ്ട്. അതായത്, ഇസ്രായേലിനോടും അമേരിക്കയോടും യാതൊരു മൃദുസമീപനവും ഇനി ഉണ്ടാവില്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു. സിവിലിയൻ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റമാണെന്ന് ആരോപിച്ച ഇറാൻ, യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതം അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വിനാശകരമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാതയിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും രാജ്യം നരകതുല്യമാകുമെന്നുമുള്ള ട്രംപിന്റെ ഭീഷണിക്ക് സായുധമായി തന്നെ മറുപടി നൽകാനാണ് ഐആർജിസിയുടെ തീരുമാനം. അമേരിക്കയുടെ ഏതൊരു നീക്കത്തിനും അതിശക്തവും വിനാശകരവുമായ തിരിച്ചടി നൽകാൻ തങ്ങളുടെ ദ്രുതകർമ്മ സേന സജ്ജമാണെന്ന് ഇറാൻ അറിയിച്ചു. ഹോർമുസിന് പുറമെ ബാബ് അൽ-മന്ദബ് ഉൾപ്പെടെയുള്ള മറ്റ് തന്ത്രപ്രധാന പാതകളിലും തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് ഇറാന്റെ നീക്കം. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ആക്രമണം തുടങ്ങുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ രാജ്യാന്തര തലത്തിൽ ഇറാൻ ചോദ്യം ചെയ്തു കഴിഞ്ഞു. കൂടുതൽ കപ്പലുകൾ തടയുന്നതോടെ ആഗോള സാമ്പത്തിക രംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Also read: