09/04/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക നടപടി; യുഎൻ പ്രമേയം വീറ്റോ ചെയ്ത് ചൈനയും റഷ്യയും

 ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക നടപടി; യുഎൻ പ്രമേയം വീറ്റോ ചെയ്ത് ചൈനയും റഷ്യയും

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിൽ സൈനിക നടപടിക്കുള്ള നീക്കത്തിനു തിരിച്ചടി. കടലിടുക്ക് വഴി ചരക്ക് നീക്കം പുനഃസ്ഥാപിക്കാനും സുരക്ഷ ഉറപ്പാക്കാനും ബഹ്റൈൻ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ പിന്തുണച്ചപ്പോൾ, സ്ഥിരം അംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗിച്ച് ഇതിനെ തടഞ്ഞു. പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉറപ്പാക്കാനായി പ്രമേയത്തിന്റെ കരട് രേഖയിൽ ബഹ്റൈൻ പലതവണ വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. ‘സൈനിക നടപടി’ എന്ന കർക്കശമായ പദപ്രയോഗങ്ങൾ ഒഴിവാക്കി ‘പ്രതിരോധ നടപടികൾ’ എന്നാക്കി മാറ്റിയിരുന്നു. മിസൈൽ ആക്രമണങ്ങൾക്കും ഉപരോധത്തിനുമെതിരെ കപ്പലുകൾക്ക് അകമ്പടി സേവിക്കാനും സുരക്ഷാ ഏകോപനത്തിനുമാണ് പ്രമേയം ആഹ്വാനം ചെയ്തത്. എന്നാൽ, ഈ വിട്ടുവീഴ്ചകളെല്ലാം ഉണ്ടായിട്ടും പ്രമേയത്തെ ചൈനയും റഷ്യയും ശക്തമായി എതിർക്കുകയായിരുന്നു.

റഷ്യയുടെയും ചൈനയുടെയും നിലപാട് വലിയ നിലവാരത്തകർച്ചയാണെന്ന് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്‌സ് കുറ്റപ്പെടുത്തി. ‘ഇറാൻ ലോക സമ്പദ്വ്യവസ്ഥയെ തോക്കിൻമുനയിൽ നിർത്തിയിരിക്കുകയാണ്. ഗസ്സയിലേക്കും സുഡാനിലേക്കും കോംഗോയിലേക്കും എത്തുന്ന മെഡിക്കൽ സഹായങ്ങൾ പോലും ഈ ഉപരോധം കാരണം തടസ്സപ്പെടുന്നു. റഷ്യയും ചൈനയും ഇന്ന് ആ ഭരണകൂടത്തിന്റെ പക്ഷത്താണ് നിലയുറപ്പിച്ചത്,’ അദ്ദേഹം പറഞ്ഞു. കടലിടുക്ക് സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങൾ അമേരിക്കയോടൊപ്പം ചേരണമെന്നും വാൾട്ട്‌സ് ആഹ്വാനം ചെയ്തു.

ഫെബ്രുവരി അവസാനം മുതൽ ആരംഭിച്ച യുദ്ധത്തെ തുടർന്ന്, ലോകത്തെ അഞ്ചിലൊന്ന് ഇന്ധന ചരക്കു ഗതാഗതം നടക്കുന്ന ഹോർമുസ് പാത അടഞ്ഞുകിടക്കുകയാണ്. ഇത് ആഗോള വിപണിയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ പ്ലാന്റുകളും പാലങ്ങളും റോഡുകളും തകർക്കുമെന്നും ഇറാൻ നാഗരികത തന്നെ ഇല്ലാതാകുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎൻ പ്രമേയം പരാജയപ്പെട്ട സാഹചര്യത്തിൽ, അമേരിക്ക നേരിട്ടുള്ള സൈനിക നടപടിയിലേക്ക് കടക്കുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്ന പ്രധാന ചോദ്യം.

Also read: