പാലക്കാട്ട് വോട്ടർമാർക്ക് പണം നൽകി ബിജെപി; ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച പാലക്കാട് മണ്ഡലത്തിൽ വോട്ടർമാർക്ക് ബിജെപി പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫ്. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണു പ്രവർത്തകർ പണം നൽകിയെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ശോഭ തന്നെ പരസ്യമായി രംഗത്തെത്തി ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ പ്രവർത്തകർക്കൊപ്പം വോട്ടർമാരെ സന്ദർശിക്കാനെത്തിയതായിരുന്നു ശോഭാ സുരേന്ദ്രൻ. ഇതിനിടയിലാണ് പ്രദേശത്ത് വോട്ടർമാർക്ക് പണം നൽകുന്നുണ്ടെന്ന് അറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയത്. ഇവർ പകർത്തിയ ദൃശ്യങ്ങളിൽ പ്രദേശത്തെ ഒരു വീട്ടിലെത്തിയ ബിജെപി പ്രവർത്തക ഒരു വയോധികയ്ക്ക് പണം കൈമാറുന്ന ദൃശ്യങ്ങളും വ്യക്തമാണ്. പണം നൽകിയതിനു പിന്നാലെ പ്രവർത്തക സ്ഥലം കാലിയാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതോടെ പ്രകോപിതയായ ശോഭാ സുരേന്ദ്രൻ പ്രവർത്തകർക്ക് നേരെ തിരിയുകയായിരുന്നു.
‘എന്റെ ഫോട്ടോ എടുത്താൽ നിന്നെയൊക്കെ അടിച്ചുപരത്തും ഞാൻ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ശോഭാ സുരേന്ദ്രൻ പ്രവർത്തകർക്ക് നേരെ അടുത്തത്. തുടർന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്ന പ്രവർത്തകന്റെ ഫോൺ തട്ടിമാറ്റാനും അവർ ശ്രമിച്ചു.
ബിജെപി പ്രവർത്തകർ വോട്ടർമാരുടെ കയ്യിലേക്ക് പണം വെച്ചുകൊടുക്കുന്ന ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. ബിജെപി അധികാര ദുർവിനിയോഗം നടത്തി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോടികളാണ് മണ്ഡലത്തിൽ ബിജെപി ഒഴുക്കുന്നത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും ഔദ്യോഗികമായി പരാതി നൽകുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപി മറുപടി നൽകി. സ്ഥാനാർത്ഥിയുടെ പര്യടനത്തിന്റെ ഭാഗമായുള്ള സന്ദർശനത്തെ വിവാദമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, പ്രവർത്തകർ ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.