മുഖ്യമന്ത്രിയുടെ ചിത്രംവെച്ച് സ്വർണ കള്ളനെന്ന് പോസ്റ്റ്; 19 കാരനെതിരെ കേസ്
കണ്ണൂർ: സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് സ്വർണ്ണകള്ളൻ എന്ന് അടികുറിപ്പ് നൽകിയ 19കാരനെതിരെ കേസെടുത്ത് പോലീസ്. ടി. സുധീർ നൽകിയ പരാതിയിൽ കുത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ടി.എ. അനുനന്ദിനെതിരെയാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്.
പ്രിയദർശിനി ഓലയിക്കര എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു പോസ്റ്റ് ചെയ്‌തിരുന്നത്. സ്വർണക്കള്ളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്റ് ചെയ്‌ത് പ്രചരിപ്പിച്ചതിലൂടെ പരാതിക്കാരനും സി.പി.എം പ്രവർത്തകർക്കും മാനസിക വിഷമം ഉണ്ടാക്കിയെന്നും പ്രകോപനപരമായി പോസ്റ്റ് ഇടുക വഴി സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചു എന്നുമാണ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നത്.
മറ്റൊരു സംഭവത്തിൽ, ധർമടം യു.ഡി.എഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷിദിൻ്റെ ഫോട്ടോ പ്രകോപനപരമായി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌തുവെന്ന കോൺഗ്രസിൻ്റെ പരാതിയിലും കേസ് എടുത്തിട്ടുണ്ട്. പത്തൊൻപതുകാരനായ പാച്ചപ്പൊയ്ക സ്വദേശി എ.ടി. യദുനന്ദിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
റെഡ് ആർമി ഓലയിക്കര എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു പോസ്റ്റിട്ടിരുന്നത്. ‘റേഷനരി കട്ട കള്ളനും വയനാട് ഫണ്ട് മുക്കിയവർക്കും ഇവിടെ വോട്ടില്ല; ശവം തൂക്കികളെ’ എന്ന അടിക്കുറിപ്പോടെ ഹുക്സ് ബോർഡ് ഒരു കുട്ടി കയ്യിൽ പിടിച്ച് ധർമടം യു.ഡി.എഫ് സ്ഥാനാർഥിയുടെ ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുന്ന വിഡിയോ ആയിരുന്നു പോസ്റ്റ്. ഇത് യു.ഡി.എഫ് സ്ഥാനാർഥിക്കും കോൺഗ്രസ് പാർട്ടിക്കും അപകീർത്തിയുണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.