17/04/2026
[fontresizer_tawhidurrahmandear_widget]

‘അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ഇസ്രയേൽ എന്ന ഒറ്റ രാജ്യം; ഇറാൻ യുദ്ധം അമേരിക്കയുടെയും ഇസ്രയേലിന്റെയും തെറ്റ്’; തുറന്നടിച്ച് സ്‌പെയിൻ

 ‘അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ഇസ്രയേൽ എന്ന ഒറ്റ രാജ്യം; ഇറാൻ യുദ്ധം അമേരിക്കയുടെയും ഇസ്രയേലിന്റെയും തെറ്റ്’; തുറന്നടിച്ച് സ്‌പെയിൻ

ബെയ്ജിങ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ കടുത്ത നിലപാട് തുടർന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. അന്താരാഷ്ട്ര നിയമങ്ങൾ ഇന്ന് പ്രധാനമായും ലംഘിക്കപ്പെടുന്നത് ഒരു രാജ്യമാണെന്നും അത് ഇസ്രയേൽ ഭരണകൂടമാണെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ യുദ്ധം അമേരിക്കയും ഇസ്രയേലും ചേർന്നു ചെയ്ത തെറ്റാണെന്നും സാഞ്ചെസ് കുറ്റപ്പെടുത്തി. ചൈന സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ തിരിച്ചടികൾ നിയമവിരുദ്ധമാണെന്നും സാഞ്ചസ് വിശേഷിപ്പിച്ചു. എന്നാൽ, ഈ യുദ്ധം അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭരണകൂടങ്ങൾ ഏകപക്ഷീയമായി ആരംഭിച്ച വലിയൊരു തെറ്റും നിയമലംഘനവുമാണെന്ന് അദ്ദേഹം ആവർത്തിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് അതീവ ഉത്കണ്ഠ രേഖപ്പെടുത്തിയ സാഞ്ചെസ്, സമാധാനപരമായ നയതന്ത്ര നീക്കങ്ങൾക്ക് ആഹ്വാനം ചെയ്തു. യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെയും സ്‌പെയിനിലെ ബിസിനസ് മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയത് മുതൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നീക്കങ്ങളെ ഏറ്റവും ശക്തമായി എതിർക്കുന്ന യൂറോപ്യൻ നേതാക്കളിൽ ഒരാളാണ് പെഡ്രോ സാഞ്ചസ്. ഇതിനകം തന്നെ സ്‌പെയിൻ ചില നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇസ്രയേൽ സൈനിക നീക്കങ്ങളിൽ പങ്കാളികളാകുന്ന വിമാനങ്ങൾക്ക് സ്‌പെയിൻ തങ്ങളുടെ വ്യോമപാത നിഷേധിച്ചു. സ്‌പെയിനിലെ വ്യോമതാവളം ഇറാനെതിരായ യുദ്ധത്തിന് വേണ്ടി ഉപയോഗിക്കുന്നതും ശക്തമായി വിലക്കി. ഇതിനു പിന്നാലെയാണ്, ഇസ്രയേലുമായുള്ള യൂറോപ്യൻ യൂണിയന്റെ വ്യാപാര കരാറുകളും നയതന്ത്ര ബന്ധങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെയിൻ രംഗത്തെത്തുകയും ചെയ്തിരിക്കുന്നത്.

സാഞ്ചെസ് നിരന്തരം നടത്തുന്ന വിമർശനങ്ങൾ അമേരിക്കയ്ക്കും ഇസ്രയേലിനും വലിയ തലവേദനയായി മാറിയിട്ടുണ്ട്. ഇസ്രയേൽ വിരുദ്ധ പക്ഷപാതം പുലർത്തുന്നുവെന്ന് ആരോപിച്ച്, ഗസ്സയിലെയും ലബനാനിലെയും മാനുഷിക സഹായ ഏകോപന സമിതിയായ സി.എം.സി.സിയിൽനിന്ന് സ്‌പെയിനിനെ ഇസ്രയേൽ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് മണ്ണിൽ വെച്ച് സാഞ്ചസ് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ ഇസ്ലാമാബാദിൽ അനിശ്ചിതത്വത്തിലായി തുടരുന്ന സാഹചര്യത്തിൽ, സ്‌പെയിനിനെപ്പോലെയുള്ള രാജ്യങ്ങളുടെ കടുത്ത നിലപാടുകൾ നെതന്യാഹു ഭരണകൂടത്തിന് വലിയ അന്താരാഷ്ട്ര സമ്മർദമാണ് ഉയർത്തുന്നത്.

Also read: