17/04/2026
[fontresizer_tawhidurrahmandear_widget]

ബിഹാറിൽ നിതീഷ് യുഗത്തിന് അന്ത്യം; രാജ്ഭവനിലെത്തി രാജി സമർപ്പിച്ചു, ബിജെപി നേതാവ് സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കും

 ബിഹാറിൽ നിതീഷ് യുഗത്തിന് അന്ത്യം; രാജ്ഭവനിലെത്തി രാജി സമർപ്പിച്ചു, ബിജെപി നേതാവ് സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കും

നിതീഷ് കുമാർ, സാമ്രാട്ട് ചൗധരി

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തിയ നിതീഷ് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. കഴിഞ്ഞ ഇരുപത് കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനായതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പടിയിറക്കത്തിന് പിന്നാലെ പ്രതികരിച്ചു. താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തിന്റെ മാർഗദർശിയായി എന്നും തുടരുമെന്നും വ്യക്തമാക്കിയ നിതീഷ്, ബിഹാറിന്റെ വികസനത്തിനായി പ്രധാനമന്ത്രി നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും പുതിയ സർക്കാരിന് തന്റെ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. അതേസമയം നിതീഷിന്റെ മകൻ നിശാന്ത് കുമാർ പുതിയ മന്ത്രിസഭയുടെ ഭാഗമായേക്കില്ലെന്നാണ് ജെഡിയു കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.

ബിജെപി നേതാവ് സാമ്രാട്ട് ചൗധരിയാണ് നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിഹാറിനെ നയിക്കുക. നാളെ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ബിജെപി ഔദ്യോഗികമായി അറിയിച്ചു. 57 വയസുകാരനായ സാമ്രാട്ട് ചൗധരി ബിഹാറിലെ ഒബിസി വിഭാഗത്തിന്റെ ശക്തമായ മുഖമായാണ് അറിയപ്പെടുന്നത്. താരാപൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം മുൻപ് സമതാ പാർട്ടി നേതാവ് ശകുനി ചൗധരിയുടെ മകനാണ്. 1990-ൽ ആർജെഡിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018-ലാണ് ആർജെഡി വിട്ട് ബിജെപിയിൽ എത്തിയത്. നിതീഷ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായും ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ച പരിചയവുമായാണ് അദ്ദേഹം സംസ്ഥാനത്തിന്റെ അമരത്തേക്ക് എത്തുന്നത്. ബിജെപി മുഖ്യമന്ത്രിക്ക് പുറമെ ജെഡിയുവിൽ നിന്ന് വിജേന്ദ്ര യാദവ്, വിജയ് ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

Also read: