19/04/2026
[fontresizer_tawhidurrahmandear_widget]

ഹൈറേഞ്ചിലേക്ക് ട്രിപ്പിന് പോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; മോട്ടോർ വാഹന വകുപ്പ് നൽകുന്നു കർശന സുരക്ഷാ നിർദേശം

 ഹൈറേഞ്ചിലേക്ക് ട്രിപ്പിന് പോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക;  മോട്ടോർ വാഹന വകുപ്പ് നൽകുന്നു കർശന സുരക്ഷാ നിർദേശം

തൊടുപുഴ: വാൽപാറയിലുണ്ടായ ദാരുണമായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ, ഹൈറേഞ്ച് പാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് കർശന സുരക്ഷാ നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലമായതോടെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അപകടസാധ്യത മുന്നിൽ കണ്ടാണ് മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്.

നിരന്ന പ്രദേശങ്ങളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേ ശൈലി മലമ്പാതകളിലും പിന്തുടരുന്നതാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. ഹൈറേഞ്ച് യാത്ര സുരക്ഷിതമാക്കാൻ ഡ്രൈവർമാർ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു:

കയറ്റത്തിലും ഇറക്കത്തിലും ശരിയായ ഗിയറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഗിയർ ഡൗൺ ചെയ്യാതെ തുടർച്ചയായി ബ്രേക്ക് അമർത്തി ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തനക്ഷമത കുറയ്ക്കുകയും പെട്ടെന്ന് ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ വേഗത നിയന്ത്രിക്കാൻ എൻജിൻ ബ്രേക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണം.

വളവുകളിലെ ജാഗ്രത

  • വളവുകളിൽ ഹോൺ മുഴക്കുകയും കൃത്യമായി റോഡ് സൈനുകൾ ശ്രദ്ധിക്കുകയും ചെയ്യുക.
  • ഹെയർപിൻ വളവുകളിലും ഇടുങ്ങിയ പാതകളിലും യാതൊരു കാരണവശാലും ഓവർടേക്കിങ്ങോ പാർക്കിങ്ങോ പാടില്ല.
  • മല കയറി വരുന്ന വാഹനങ്ങൾക്ക് എപ്പോഴും മുൻഗണന നൽകണം.

മഴയുള്ളപ്പോഴും മഞ്ഞുമൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തുക. അപരിചിതമായ വഴികളിലൂടെ രാത്രി കാലങ്ങളിൽ ഗൂഗിൾ മാപ്പിനെ മാത്രം വിശ്വസിച്ച് യാത്ര ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും.

മറ്റു മുൻകരുതലുകൾ

  • യാത്ര തുടങ്ങുന്നതിന് മുൻപ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടീഷൻ ഉറപ്പാക്കുക.
  • നിർബന്ധമായും ഫസ്റ്റ് എയ്ഡ് കിറ്റ് വാഹനത്തിൽ കരുതുക.
  • വാഹനം നിർത്തിയിടുമ്പോഴെല്ലാം ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുക.
  • ഡ്രൈവിങ്ങിനിടയിൽ ക്ഷീണമോ ഉറക്കമോ തോന്നിയാൽ നിർബന്ധമായും വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക.

അതീവ ശ്രദ്ധയോടും മുൻവിധിയോടും കൂടി വാഹനമോടിക്കുന്നത് വഴി ഹൈറേഞ്ച് പാതകളിലെ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഓർമിപ്പിച്ചു.

Also read: