21/04/2026
[fontresizer_tawhidurrahmandear_widget]

ഭീഷണിക്ക് കീഴിൽ ചർച്ചയില്ലെന്ന് ഇറാൻ; ഉപരോധം തുടരുമെന്ന് ട്രംപ്; സമാധാന നീക്കങ്ങൾ അനിശ്ചിതത്വത്തിൽ

 ഭീഷണിക്ക് കീഴിൽ ചർച്ചയില്ലെന്ന് ഇറാൻ; ഉപരോധം തുടരുമെന്ന് ട്രംപ്; സമാധാന നീക്കങ്ങൾ അനിശ്ചിതത്വത്തിൽ

തെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി നടക്കുന്ന നയതന്ത്ര ചർച്ചകൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഭീഷണിയുടെ നിഴലിൽ നിന്നുകൊണ്ടുള്ള യാതൊരു ചർച്ചക്കും തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന ചർച്ചകൾക്ക് ഇറാൻ വഴങ്ങണമെങ്കിൽ ആദ്യം ഭീഷണികൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് തെഹ്‌റാൻ.
എന്നാൽ ഇറാന്റെ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരു അന്തിമ കരാറിൽ ഒപ്പുവെക്കാൻ ഇറാൻ തയ്യാറാകാത്തിടത്തോളം കാലം ഈ ഉപരോധം പിൻവലിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു.

ഇതിനിടെ സമാധാന ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പാകിസ്ഥാനിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്‌ലാമാബാദിൽ വെച്ച് നടക്കുന്ന ചർച്ചകളിൽ ഇറാൻ പ്രതിനിധികളുമായി വാൻസ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. ഏപ്രിൽ 22 വരെയാണ് ഇറാൻ-യുഎസ് വെടിനിർത്തൽ ധാരണ നിലവിലുള്ളത്. ഈ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ നാവിക സേന ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്തത് സംഘർഷം വർദ്ധിപ്പിച്ചു. ചൈനയിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്ന കപ്പലാണ് ഉപരോധം ലംഘിച്ചു എന്നാരോപിച്ച് അമേരിക്ക തടഞ്ഞത്. ഇതിനെ ‘കടൽക്കൊള്ള’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.

കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഹുർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുകയും അമേരിക്കൻ നാവിക സേനയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തു. അമേരിക്ക നടപടികൾ കടുപ്പിച്ച സാഹചര്യത്തിൽ സമാധാന ചർച്ചകളെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതോടെ പശ്ചിമേഷ്യ വീണ്ടും വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാകുകയാണ്.

Also read: