21/04/2026
[fontresizer_tawhidurrahmandear_widget]

ട്രംപ് പാകിസ്താനിലേക്ക്? ഇറാൻ-അമേരിക്ക സമാധാന ചർച്ചയിൽ നേരിട്ട് പങ്കെടുക്കുമെന്ന് റിപ്പോർട്ട്

 ട്രംപ് പാകിസ്താനിലേക്ക്? ഇറാൻ-അമേരിക്ക സമാധാന ചർച്ചയിൽ നേരിട്ട് പങ്കെടുക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്താനിൽ വെച്ച് നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ സാധിക്കുകയാണെങ്കിൽ നേരിട്ടോ വീഡിയോ കോൺഫറൻസിങ് വഴിയോ ട്രംപ് ചർച്ചയുടെ ഭാഗമാകുമെന്നാണ് സൂചന.

നാളെയോടെ ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെയാണ് പാകിസ്താൻ രണ്ടാം ഘട്ട ചർച്ചകൾക്ക് വേദിയാകുന്നത്. ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാന്റെ കപ്പൽ അമേരിക്ക പിടിച്ചെടുത്തതിനെത്തുടർന്ന് ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ചർച്ചയിൽ പങ്കെടുക്കുന്നതിനെ ‘പോസിറ്റീവ്’ ആയിട്ടാണ് കാണുന്നതെന്നും ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇറാൻ പ്രതിനിധികൾ എത്തുന്നതോടെ നാളെ തന്നെ ഇസ്ലാമാബാദിൽ ചർച്ചകൾ ആരംഭിക്കും. സമാധാന ചർച്ചകൾക്കായി പാകിസ്താൻ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 20,000 സുരക്ഷാ ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിൽ വിന്യസിച്ചിട്ടുണ്ട്. ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ പാകിസ്താനിലെത്തിക്കഴിഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സംഘം ഇന്ന് പാകിസ്താനിലേക്ക് തിരിക്കും. മേഖലയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്താൻ ഈ ചർച്ചകൾ സഹായിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.

Also read: