‘ഇറാന്റെ ശത്രുക്കൾ ഞങ്ങളുടെയും ശത്രുക്കൾ; 40 ഇസ്രയേലികൾ റഷ്യയിൽ കസ്റ്റഡിയില്‍
മോസ്കോ: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത വിള്ളൽ വീഴ്ത്തി മോസ്കോ വിമാനത്താവളത്തിലെ നാടകീയ സംഭവങ്ങൾ. മോസ്കോയിലെ ഡോമോഡെഡോവോ വിമാനത്താവളത്തിൽ എത്തിയ 40-ഓളം ഇസ്രയേൽ പൗരന്മാരെ റഷ്യൻ അധികൃതർ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഇറാൻ യുദ്ധത്തിൽ പങ്കുള്ളവരാണെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ഇറാന്റെ ശത്രുക്കൾ റഷ്യയുടെയും ശത്രുക്കളാണെന്ന് വ്യക്തമാക്കിയായിരുന്നു അതിർത്തി സുരക്ഷാ സേന ഇവരെ കസ്റ്റഡിയിലെടുത്തത്.
യാത്രക്കാരെ പാസ്‌പോർട്ടുകൾ ഇല്ലാതെ ഒരു മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്ന് ഇസ്രയേൽ പൗരന്മാരിൽ ഒരാൾ ഹീബ്രു മാധ്യമത്തോട് വെളിപ്പെടുത്തി. മണിക്കൂറുകളോളം ഇവർക്ക് വെള്ളമോ ശൗചാലയത്തിൽ പോകാനുള്ള അനുമതിയോ നൽകിയില്ല. യാത്രക്കാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിനെത്തുടർന്ന് എല്ലാവർക്കും കൂടി പങ്കിടാനായി ഒരു ചെറിയ കുപ്പി വെള്ളം മാത്രമാണ് അധികൃതർ നൽകിയത്.
സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരുടെ ഫോണുകൾ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാർ അത് നിരസിച്ചു. ഒടുവിൽ എല്ലാ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യാൻ അധികൃതർ നിർബന്ധിച്ചതായി ‘മീഡിയസോണ’ റിപ്പോർട്ട് ചെയ്യുന്നു. ഓരോ യാത്രക്കാരെയും പ്രത്യേകം വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഈ സമയത്താണ്, ഇറാൻ റഷ്യയുടെ സഖ്യകക്ഷിയാണെന്നും ഇറാന്റെ ശത്രു റഷ്യയുടെയും ശത്രുവാണെന്നും ഉദ്യോഗസ്ഥർ തറപ്പിച്ചു പറഞ്ഞത്.
ഇസ്രയേൽ പൗരന്മാരുടെ മോസ്കോ സന്ദർശനം സ്വാഗതാർഹമല്ലെന്നും നിങ്ങൾ വെറുതെയാണ് ഇങ്ങോട്ട് വന്നതെന്നും ഉദ്യോഗസ്ഥർ യാത്രക്കാരോട് പറഞ്ഞു. നിയമലംഘന സാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അടങ്ങിയ പേപ്പറുകളിൽ ഒപ്പിടുവിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.
സംഭവമറിഞ്ഞ ഉടൻ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാറിന്റെ നിർദ്ദേശപ്രകാരം റഷ്യൻ വിദേശകാര്യ മന്ത്രാലയവുമായും ഇസ്രയേലിലെ റഷ്യൻ എംബസിയുമായും ബന്ധപ്പെട്ടതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റഷ്യയുടെ ഈ പെരുമാറ്റം തികച്ചും അസ്വീകാര്യമാണെന്നും അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഇസ്രയേലിന്റെ നയതന്ത്ര ഇടപെടലിനെത്തുടർന്ന് ഒടുവിൽ യാത്രക്കാർക്ക് പ്രവേശനം അനുവദിച്ചെങ്കിലും, പശ്ചിമേഷ്യൻ യുദ്ധം മുറുകുമ്പോൾ റഷ്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.