വാട്‌സ്ആപ്പിലും ഇനി ‘പണം നൽകണം’; പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി മെറ്റ
കാലിഫോർണിയ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്കായി ‘വാട്‌സ്ആപ്പ് പ്ലസ്’ എന്ന പേരിൽ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ മെറ്റ ഔദ്യോഗികമായി പരീക്ഷിച്ചു തുടങ്ങി. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കൾക്കിടയിലാണ് പരീക്ഷണം നടക്കുന്നത്.
എന്താണ് വാട്‌സ്ആപ്പ് പ്ലസ്?
സാധാരണ വാട്‌സ്ആപ്പിലെ ഗ്രീൻ-വൈറ്റ് ഇന്റർഫേസിന് പകരം ആപ്പിന്റെ രൂപഭാവങ്ങളിലും സൗകര്യങ്ങളിലും മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു ‘പ്രീമിയം’ പതിപ്പാണിത്. ഈ ഓപ്ഷൻ ഉപഭോക്താക്കൾക്ക് സ്വയം തിരഞ്ഞെടുക്കാവുന്നതാണ്. സാധാരണ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് ഇപ്പോഴത്തെപ്പോലെ തന്നെ സൗജന്യമായി ഉപയോഗിക്കുന്നത് തുടരാം.
പ്രധാന ഫീച്ചറുകൾ
20 ചാറ്റുകൾ പിൻ ചെയ്യാം: നിലവിൽ മൂന്ന് ചാറ്റുകൾ മാത്രമാണ് ലിസ്റ്റിന് മുകളിൽ പിൻ ചെയ്യാൻ കഴിയുന്നത്. പുതിയ ഫീച്ചർ വഴി ഇത് 20 വരെയാക്കാം.
പുതിയ തീമുകളും നിറങ്ങളും: റോയൽ പർപ്പിൾ, ഫോറസ്റ്റ് ഗ്രീൻ തുടങ്ങി 18 പുതിയ ആക്‌സന്റ് നിറങ്ങൾ ആപ്പിന് നൽകാം.
കസ്റ്റം ഐക്കണുകൾ: ഹോം സ്‌ക്രീനിലെ വാട്‌സ്ആപ്പ് ഐക്കൺ മാറ്റാൻ 14 വ്യത്യസ്ത ഡിസൈനുകൾ ലഭ്യമാകും.
പ്രീമിയം സ്റ്റിക്കറുകൾ: അയക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും ഫുൾസ്‌ക്രീൻ അനിമേഷൻ ദൃശ്യമാകുന്ന പ്രത്യേക സ്റ്റിക്കർ പാക്കുകൾ.
റിംഗ്‌ടോണുകൾ: ഓരോ കോൺടാക്റ്റിനും ഉപയോഗിക്കാവുന്ന 10 പുതിയ റിംഗ്‌ടോണുകളും നോട്ടിഫിക്കേഷൻ ടോണുകളും.
സബ്‌സ്‌ക്രിപ്ഷൻ നിരക്കുകൾ
ഇന്ത്യയിലെ ഔദ്യോഗിക നിരക്ക് മെറ്റ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ പരീക്ഷണ നിരക്കുകൾ പ്രകാരം മാസത്തിൽ ഏകദേശം 250 രൂപ മുതൽ 280 രൂപ വരെ ആയിരിക്കും ഇതിന്റെ ചെലവ്. ആദ്യഘട്ടത്തിൽ ഉപയോക്താക്കൾക്ക് ഒരു മാസത്തെ സൗജന്യ ട്രയലും വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാൽ മെസേജിംഗ്, വോയ്‌സ്/വീഡിയോ കോളുകൾ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്നിവയെല്ലാം എല്ലാവർക്കും സൗജന്യമായിത്തന്നെ തുടരും. മുൻകാലങ്ങളിൽ പ്രചരിച്ചിരുന്ന വ്യാജ ‘വാട്‌സ്ആപ്പ് പ്ലസ്’ ആപ്പ് ഫയലുകൾ പോലെ ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നില്ല. നിലവിൽ ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. വൈകാതെ ഐഒഎസ് (iOS), ഡെസ്‌ക്‌ടോപ്പ് പതിപ്പുകളിലും ഇത് എത്തും. ടെലിഗ്രാം പ്രീമിയം, സ്‌നാപ്ചാറ്റ് പ്ലസ് എന്നിവയുടെ മാതൃകയിൽ വാട്‌സ്ആപ്പിനെയും ലാഭകരമായ ഒരു പ്ലാറ്റ്‌ഫോമാക്കി മാറ്റാനാണ് മെറ്റ ഇതിലൂടെ ലക്ഷ്യമിടുന്നത്.